തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ മൊബൈല്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഇന്നലെ ചോദ്യം ചെയ്യുന്നതിന് ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിനു മുമ്പ് ശിവശങ്കറിന്റെ മൊബൈല്‍ ഉദ്യോഗസ്ഥര്‍ വാങ്ങി വെക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷവും ഫോണ്‍ വിട്ടു നല്‍കിയിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സ്വപ്നയുമായി സൗഹൃദം ഉണ്ടായിരുന്ന കാര്യം ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്.എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുകളൊന്നും ശിവശങ്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഫോണ്‍ പരിശോധിക്കുന്നതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.