കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്‌തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ വെെരുദ്ധ്യമുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ശിവശങ്കറിന്റെ ജാമ്യഹര്‍ജി ഹെെക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും.
കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണ്. കള്ളപ്പപ്പണം ഒളിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് കൂട്ടുനിന്നു എന്നത് കുറ്റകരമാണെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കര്‍ പണം ഒളിപ്പിക്കാന്‍ സഹായിച്ചുവെന്ന് സ്വപ്‌നയുടെ മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം പ്രാരംഭ ദിശയിലാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ലോക്കറിലെ പണത്തെ സംബന്ധിച്ച് അന്വേഷണം തുടരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ശിവശങ്കറെ നാളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി. രാവിലെ 10 മുതല്‍ വെെകീട്ട് അഞ്ച് വരെ ചോദ്യം ചെയ്യാം. തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്. ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും അരമണിക്കൂര്‍ വിശ്രമം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.