തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വപ്‌നയുമൊത്ത് നടത്തിയ വിദേശയാത്രകളെക്കുറിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി 1.90 ലക്ഷം കറന്‍സി കടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണിത്. പരിധിയില്‍ കവിഞ്ഞ് ഡോളര്‍ ലഭിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹത്തിന്റെ നിരന്തര ഇടപെടല്‍ കാരണമാണ് ഡോളര്‍ കൈമാറിയതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.ഡോളര്‍ കടത്തിയ കാര്യം സ്വപ്ന തന്നെ അന്വേഷണ ഏജന്‍സികളോടു സമ്മതിച്ചിരുന്നു.
ഫ്ളാറ്റ് നിര്‍മ്മാണത്തിന് റെഡ് ക്രസന്റ് നല്‍കിയ 3.20 കോടിയുടെ ആദ്യഗഡു കരമന ആക്സിസ് ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് ഡോളറാക്കി കോണ്‍സലേറ്റ് അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് വിദേശത്തേക്ക് കടത്തിയെന്നും സ്വപ്‌ന മൊഴി നല്‍കിയിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് കവടിയാറില്‍ വച്ച് ഖാലിദിന് പണം കൈമാറിയെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നല്‍കി. ഖാലിദാണ് മസ്‌കറ്റ് വഴി ഈ പണം ഈജിപ്റ്റിലേക്ക് കൊണ്ടുപോയത്. ഇതേക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.
ഈ യാത്രയില്‍ ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ പി.എസ്.സരിത്ത് എന്നിവരും മസ്‌കറ്റ് വരെ ഖാലിദിനൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ശിവശങ്കര്‍ 14 വിദേശ യാത്രകള്‍ നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിലുള്‍പ്പെട്ട ഔദ്യോഗിക യാത്രകള്‍ക്കും സ്വകാര്യ പാസ്‌പോര്‍ട്ടാണ് ഉപയോഗിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക യാത്രകള്‍ക്ക് ഔദ്യോഗിക പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കാറുള്ളത്. യാത്രകളിലേറെയും ദുബായിലേക്കായിരുന്നു. ഇവയ്ക്ക് ആരാണ് അനുമതി നല്‍കിയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. 14 യാത്രകളില്‍ ആറെണ്ണത്തിലും സ്വര്‍ണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് ശിവശങ്കറിനൊപ്പം ഉണ്ടായിരുന്നു.
ആഡംബര ഹോട്ടലില്‍
സുഖ താമസം
യു.എ.ഇയില്‍ കേസിലെ ചില പ്രതികള്‍ക്കൊപ്പം ശിവശങ്കര്‍ ആഡംബര ഹോട്ടലിലാണ് താമസിച്ചതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായി ശിവശങ്കറിന്റെ വിദേശയാത്രകളെ കുറിച്ചുള്ള രേഖകള്‍ കസ്റ്റംസ് തേടിയിട്ടുണ്ട്. ഈ ആഡംബര ഹോട്ടലിലെ താമസച്ചെലവ് ശിവശങ്കറിന് താങ്ങാന്‍ കഴിയുന്നതല്ലെന്നും കസ്റ്റംസ് പറയുന്നു. രേഖകള്‍ കൈമാറാമെന്ന് ശിവശങ്കര്‍ സമ്മതിച്ചെങ്കിലും അതിനിടെ അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായി. ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയപ്പോഴായിരുന്നു ഇത്. യാത്രക്കിടെ സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ ഒപ്പമുണ്ടായിരുന്നതായി കസ്റ്റംസ് ഉറച്ച് വിശ്വസിക്കുന്നു.
ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ ഇത് നിഷേധിക്കുകയായിരുന്നു. മാത്രമല്ല, യാത്രാ രേഖകള്‍ ഹാജരാക്കിയതുമില്ല. ഇതുസംബന്ധിച്ച് കോടതിയുടെ അനുമതിയോടെ ശിവശങ്കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. അതിനു ശേഷമായിരിക്കും ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റ് നടപടികളിലേക്ക് കസ്റ്റംസ് കടക്കുക. ഇതിനൊപ്പം സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്കും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
ഐ.എ.എസ്, ഐ.പി.എസ് കേഡറുകളിലുള്‍പ്പെടെയുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് നടത്തുന്ന വിദേശ യാത്രകള്‍ക്കായാണ് ഔദ്യോഗിക പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. വെള്ള നിറത്തിലുള്ള ഇത്തരം പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിദേശത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി എന്ന പരിഗണന ലഭിക്കും. അതേസമയം, ഔദ്യോഗിക കാര്യങ്ങള്‍ക്കു മാത്രമേ ഇത്തരം യാത്രകളില്‍ അനുമതിയുള്ളൂ. വിനോദ, വാണിജ്യ പരിപാടികളിലൊന്നും പങ്കെടുക്കരുത്, ആരുടെയും ആതിഥ്യം സ്വീകരിക്കരുത് തുടങ്ങീ വ്യവസ്ഥകളുമുണ്ട്.
ശിവശങ്കറിന്റെ വിദേശയാത്രകള്‍
* കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ അവലോകനത്തിനായി 2017ഏപ്രിലില്‍ ശിവശങ്കര്‍ യു.എ.ഇ സന്ദര്‍ശിച്ചത് സ്വപ്നയുമൊത്ത്
* പ്രളയസഹായം തേടി മുഖ്യമന്ത്രി യു.എ.ഇയിലെത്തിയത് 2018 ഒക്ടോബര്‍17മുതല്‍ 20വരെ. ഇതിനു മന്നോടിയായി സ്വപ്നയും ശിവശങ്കറും പോയി
* സംസ്ഥാനത്ത് ഐ.ടി നിക്ഷേപം ആകര്‍ഷിക്കാന്‍ 2018 ഏപ്രിലില്‍ ശിവശങ്കര്‍ ഒമാനിലെത്തി. സ്വപ്നയും അവിടെയെത്തി. മടക്കയാത്ര ഒരുമിച്ച്
* ഇതുകൂടാതെ നാലുവട്ടം കൂടി ഇരുവരും ഒരുമിച്ച് വിദേശയാത്ര നടത്തി