തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ഐസിയുവില്‍ തുടരുന്നു. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. ഡിസ്‌ക് തകരാര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
ഡോക്ടര്‍മാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടര്‍നടപടികളും. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസില്‍ ശിവശങ്കറിനെതിരെ നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കര്‍ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാല്‍ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോള്‍ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധി ദിനങ്ങളായതിനാല്‍ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കില്‍ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല.
അതേസമയം ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഇനി കസ്റ്റംസിന്റെ തുടര്‍നീക്കം.