കൊച്ചി : തൃക്കാക്കരയിലെ ജനവിധി ഇടതു ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് എം സ്വരാജ്. സഹതാപ തരംഗമാണ് യുഡിഎഫിന് തൃക്കാക്കരയില്‍ തുണയായത്. കോണ്‍ഗ്രസിന് കൂടുതല്‍ വോട്ട് ലഭിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ എല്‍ഡിഎഫിനും തൃക്കാക്കരയില്‍ വോട്ട് വര്‍ധനയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് പിന്തുണ കുറഞ്ഞുവെന്ന് പറയാന്‍ സാധിക്കില്ലെന്ന് എം സ്വരാജ് പറഞ്ഞു.
‘കേരളത്തില്‍ 99 സീറ്റിലും തോറ്റ് നില്‍ക്കുന്ന കൂട്ടരാണ്. കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി വിട്ടു പോകുകയാണ്. രാജ്യം തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ തൃക്കാക്കരയിലെ വിജയം എങ്ങനെ ആഘോഷിക്കണമെന്നത് കോണ്‍ഗ്രസ് തീരുമാനിക്കേണ്ട കാര്യമാണ്. തോമസ് മാഷ് ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്നയാളാണ്. അദ്ദേഹത്തെ ഇങ്ങനെയാണോ ആക്ഷേപിക്കേണ്ടതെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് മത നിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരോട് മാത്രമേ ഇത്തരം എതിര്‍പ്പുകള്‍ ഉള്ളു. ബിജെപിയില്‍ ചേരുന്നവരോട് എതിര്‍പ്പില്ലെന്നും’ എം സ്വരാജ് പറഞ്ഞു.
‘മരിച്ചയാളുടെ ഭാര്യയോ മക്കളോ തോറ്റ ചരിത്രമില്ല. സഹതാപ തരംഗമെന്ന എന്ന ചരിത്രം തിരുത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. വികസന രാഷ്ട്രീയമാണ് ഞങ്ങള്‍ മുന്നോട്ട് വെക്കാന്‍ ശ്രമിച്ചത്. പക്ഷെ അതേ രീതി തന്നെ തുടര്‍ന്നതായിട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ കാണുന്നത്. മറിച്ച് ജനവിധി സര്‍ക്കാരിന് എതിരാണെന്ന് പറഞ്ഞ് ഇനി മുതല്‍ സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വെക്കാനാകുമോ? തൃക്കാക്കരയിലെ ഫലം ഇടതു സര്‍ക്കാരിന് വിരുദ്ധമാണെന്ന് പറയാന്‍ പറ്റില്ല. അതേസമയം ജനവിധിയെ തുറന്ന മനസ്സോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.