കോഴിക്കോട്: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാസപ്പടിയും മറ്റുമായി ജീവിക്കുമ്പോള്‍ സര്‍ക്കാര്‍ ഈ ഓണക്കാലത്ത് സാധാരണജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ്. ഓണക്കാലത്ത് 2000 കോടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ പണം കടം വാങ്ങുകയല്ലാതെ സര്‍ക്കാര്‍ എന്താണു ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
സപ്ലൈകോ സ്റ്റോറുകളില്‍ എല്ലാ സാധനങ്ങളും സുലഭമാണെന്ന് ഭക്ഷ്യമന്ത്രി നിയമസഭയില്‍ പച്ചക്കള്ളം പറഞ്ഞു. ഭക്ഷ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ സപ്ലൈക്കോയുടെ മുന്നിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെയാണു കണ്ടത്. സപ്ലൈക്കോ തുറക്കാന്‍ ജീവനക്കാര്‍ എത്താറില്ലെന്ന് ജനങ്ങള്‍ പരാതി പറഞ്ഞു. സപ്ലൈക്കോ തുറന്നാലും സാധനങ്ങളില്ലാത്തതിനാല്‍ ഒരു കാര്യവുമില്ലെന്ന് ജീവനക്കാര്‍ കരുതിക്കാണും. ഈ സംഭവത്തില്‍ എന്ത് ഉത്തരമാണ് ജനങ്ങളോട് മന്ത്രിക്കു പറയാനുള്ളതെന്നും രമേശ് ചോദിച്ചു.