തിരുവനന്തപുരം: ചരിത്രത്തെ ബോധപൂര്‍വം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായി സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ചരിത്രപാഠങ്ങള്‍ ശരിയായി മനസ്സിലാക്കിയാല്‍ മാത്രമെ ഈ വെല്ലുവിളി നേരിടാനാകൂവെന്നും പറഞ്ഞു. ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും തൊഴിലാളിവര്‍ഗത്തിന്റെ പങ്കും’ വിഷയത്തില്‍ എഫ്‌എസ്‌ഇടിഒ സംഘടിപ്പിച്ച ദക്ഷിണമേഖലാ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തരം ഇന്ത്യ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചു.
ഈ യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും തൊഴില്‍രഹിതര്‍, പട്ടിണിക്കാര്‍, നിരക്ഷരര്‍ എന്നിവരുടെ എണ്ണം ഉയര്‍ന്നു. അസമത്വവും ചൂഷണവും തുടരുകയാണ്. പുതിയ തരത്തിലുള്ള അടിമത്തം ഉയര്‍ന്നുവന്നിരിക്കുന്നു. 1947 വരെ ഇന്ത്യ കൊളോണിയല്‍ അടിമത്തത്തിന് കീഴിലായിരുന്നു. എന്നാല്‍ ഇന്ന് രാജ്യം സവര്‍ണ പ്രമാണിമാരുടെ മേധാവിത്വത്തിനു കീഴില്‍ നരകിക്കുന്നു. തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും സ്വാതന്ത്ര്യം നിഷേധിക്കുന്നു.
ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. വളരെ അപകടം പിടിച്ച കാലഘട്ടമാണിത്. ടീസ്‌ത സെതല്‍വാദിനെതിരെയും ആര്‍ ബി ശ്രീകുമാറിനെതിരെയും പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞത് ശുദ്ധവിവരക്കേടാണെന്നും ബേബി പറഞ്ഞു. ജെ മേഴ്‌സിക്കുട്ടി അമ്മ, പ്രൊഫസർ വി കാര്‍ത്തികേയന്‍നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. എഫ്‌എസ്‌ഇടിഒ സംസ്ഥാന പ്രസിഡന്റ് എന്‍ ടി ശിവരാജന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം എ അജിത്‌കുമാര്‍ സ്വാഗതവും ട്രഷറര്‍ എസ് ആര്‍ മോഹനചന്ദ്രന്‍ നന്ദിയും പറഞ്ഞു.