പാരീസ് : തീവ്ര വലതുപക്ഷ നേതാവിനെ പരാജയപ്പെടുത്തി ഫ്രാന്‍സില്‍ പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണിന് അധികാരത്തുടര്‍ച്ച. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവായ മാരിന്‍ ലെ പെന്നിനെയാണ് മാക്രോണ്‍ പരാജയപ്പെടുത്തിയത്. മാക്രോണിന് 58-ഉം ലെ പെന്നിന് 42-ഉം വോട്ടാണ് ലഭിച്ചത്. ഞായറാഴ്ച നടന്ന അന്തിമഘട്ട വോട്ടെടുപ്പില്‍ 63.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇതോടെ 20 വര്‍ഷത്തിനുശേഷം ഫ്രാന്‍സില്‍ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റെന്ന നേട്ടം മാക്രോണ്‍ സ്വന്തമാക്കി. പരാജയം അംഗീകരിച്ച ലെ പെന്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചു.
വിജയ പ്രഖ്യാപനത്തിന് ശേഷം ഭാര്യ ബ്രിജിത്തിനൊപ്പം കൈകോര്‍ത്ത് ഈഫല്‍ ടവറിന് താഴെ തന്റെ അനുയായികള്‍ ഒത്തുകൂടിയ പ്ലാസയില്‍ അദ്ദേഹം എത്തി. തന്റെ ആശയങ്ങള്‍ സ്വീകരിച്ചതുകൊണ്ടല്ല, മറിച്ച് ലെ പെന്നിനെ നിരസിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് തനിക്ക് വിജയം നേടാനായതെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഇനി ഏതെങ്കിലും ഒരു ക്യാമ്പിന്റെ സ്ഥാനാര്‍ഥിയല്ല. മറിച്ച് എല്ലാവരുടേയും പ്രസിഡന്റാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കുള്ള വിവിധ രാഷ്ട്ര നേതാക്കള്‍ മാക്രോണിന്റെ വിജയത്തെ അഭിനന്ദിച്ചു.