എടത്വ: മടയ്ക്കല്‍ പടി – മണ്ണാരു പറമ്പില്‍ പടി റോഡ് ഉയര്‍ത്തണമെന്നാവശ്യം ശക്തമാകുന്നു. തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന ‘ പദ്ധതി പ്രകാരം നിര്‍മ്മിച്ച പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന കൈവഴികളാണ് മടിക്കല്‍ പടി – മണ്ണാരു പറമ്പില്‍ പടി റോഡും സാല്‍വേഷന്‍ ആര്‍മി പള്ളിപ്പടി മുതല്‍ പൊയ്യാലുമാലില്‍പ്പടി റോഡും. ഈ റോഡുകളുടെ ഇരുവശത്തായി 50-ലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത ശരീരം തളര്‍ന്ന ഭിന്നശേഷിക്കാരനായ യുവാവ് ഉള്‍പ്പെടെ കിടപ്പു രോഗികളും ഇതില്‍ ഉള്‍പ്പെടും. സാല്‍വേഷന്‍ ആര്‍മി പള്ളിപ്പടി മുതല്‍ പൊയ്യാലുമാലില്‍പ്പടി റോഡില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ പ്രധാന റോഡില്‍ പോലും എത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഒരു ഓട്ടോറിക്ഷയില്‍ പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡില്‍ എത്തുവാന്‍ സാധ്യമല്ല.
മഴ പെയ്യുമ്പോള്‍ വെള്ളം കെട്ടി കിടന്ന് ചെളിയാകുകയാണ്. ഈ റോഡില്‍ വഴിവിളക്കുകള്‍ പോലും ഇല്ല. മഴക്കാലത്ത് സൈക്കിളില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാത്ത വിധം ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്. വെള്ളപൊക്ക സമയത്ത് ഈ പ്രദേശം പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. മടയ്ക്കല്‍ പടി – മണ്ണാരു പറമ്പില്‍ പടി റോഡില്‍ സൗഹൃദ നഗറില്‍ വെള്ളപൊക്ക സമയത്ത് ചില ഭാഗങ്ങളില്‍ 3 അടിയോളം വെള്ളമുണ്ടാകും. എല്ലാ വീടുകളിലും വാഹനമുണ്ടെങ്കിലും വെള്ളപൊക്ക സമയത്ത് പ്രദേശം ഒറ്റപെടുകയാണ്. യാതൊരു സുരക്ഷിതത്വവുമില്ലാതെ വട്ടടി – പാരേത്തോട് റോഡില്‍ ആണ് വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം മൂലം വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. നിലവിലുള്ള വഴികള്‍ മണ്ണിട്ട് ഉയര്‍ത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.