റാന്നി: മടത്തുംചാല്‍ – മുക്കൂട്ടുതറ റോഡിലെ അപകട മേഖലകളില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു തുടങ്ങി. കൂത്താട്ടുകുളത്തിന് സമീപം മണ്ണടിശാലയ്ക്ക് തിരിയുന്നിടത്തെ വലിയ വളവും ഇറക്കവും ഉള്ളയിടത്താണ് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചത്. ഈ ഭാഗത്ത് ബിഎം ബിസി ടാറിംങ് പൂര്‍ത്തിയായിരുന്നു.
മന്ദമരുതി മുതല്‍ ചാത്തന്‍തറ വരെ വലിയ കയറ്റിറക്കങ്ങളും കൊടും വളവുകളുമാണ്. ഇവിടെയെല്ലാം വീതി കൂട്ടിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഭാഗത്ത് റോഡ് ഒന്നാംഘട്ട ടാറിംങിന് ശേഷമാണ് വീതി വര്‍ദ്ധിപ്പിച്ചത് .അതിനാല്‍ റോഡിലെ വളവുകള്‍ പഴയതു പോലെ തന്നെയാണ്. വീതി വര്‍ദ്ധിപ്പിച്ച ശേഷം റോഡുപണി നടത്തിയിരുന്നെങ്കില്‍ പല വളവുകളും നേരെയാക്കാന്‍ കഴിയുമായിരുന്നു. പലയിടത്തും റോഡ് മധ്യത്തില്‍ നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റാന്‍ കരാറായെങ്കിലും പണികള്‍ ആരംഭിച്ചിട്ടില്ല. വീതി എടുത്ത വിഷയത്തില്‍ കോടതിയില്‍ കേസുള്ള ചേത്തയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ അമ്പതു മീറ്റര്‍ ദൂരം പണിയൊന്നും നടന്നിട്ടില്ല. ഇവിടം കൂടി പൂര്‍ത്തീകരിച്ചാല്‍ മലയോരമേഖലയിലേക്ക് ദേശീയ നിലവാരമുള്ള റോഡ് ആകും. ഇതോടെ വെച്ചൂച്ചിറയില്‍ നിന്ന് പുറത്തേക്കു പോകുവാനും വരുവാനുമുള്ള എല്ലാം റോഡുകളും ദേശീയ നിലവാരത്തിലാകും.