പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ രണ്ട് സാക്ഷികള്‍ കൂടി ഇന്ന് കൂറുമാറി. ഇരുപത്തിനാലാം സാക്ഷി മരുതന്‍ ആണ് ഒടുവില്‍ കൂറുമാറിയത്.ഇന്നലെ വിചാരണയ്ക്ക് ഹാജരാകാതിരുന്ന ഇരുപത്തിരണ്ടാം സാക്ഷി മുരുകന്‍ ഇന്ന് വിസ്താരത്തിനിടെ കൂറ് മാറിയിരുന്നു. ഇന്നലെ സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിന് മുരുകന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിമൂന്നായി. ഇരുപത്തിമൂന്നാം സാക്ഷി ഗോകുല്‍ മാത്രമാണ് പോലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നത്. കേസില്‍ ഇതുവരെ വിസ്തരിച്ചതില്‍ മൊഴി മാറ്റാതിരിക്കുന്ന രണ്ടാമത്തെ മാത്രം സാക്ഷിയാണ് ഗോകുല്‍. ഇന്ന് ആകെ മൂന്നുപേരെയാണ് വിസ്തരിച്ചത്.സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതിനാല്‍ പ്രോസിക്യൂഷന്‍ ആശങ്കയിലാണ്. രഹസ്യമൊഴി നല്‍കിയ ഏഴുപേര്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പോലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തി. പതിനാറ് പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്‍ധരുടെ വിലയിരുത്തല്‍.
കേസിന്‍റെ വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി ഇന്നലെ പറഞ്ഞിരുന്നു. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഹൈക്കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാര്‍ക്കാട്ടെ വിചാരണ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30ന് അകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഈ നിര്‍ദേശം പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും വിചാരണ കോടതി ഓര്‍മിപ്പിച്ചു.
ഇതിനിടെ, മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. മധുവിന്‍റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.