കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ നിലപാട് വ്യക്തമാക്കി സ്പെഷൽ പ്രോസിക്യൂട്ടർ. സിസിടിവി ദൃശ്യങ്ങൾ അടക്കമുളള ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറാൻ പോലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാൻ കാരണമെന്ന് അഡ്വ. വി ടി രഘുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ സംശയമുയർന്ന സാഹചര്യത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറായി തുടരുന്നതിൽ താൽപര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധുവിന്‍റെ കൊലപാതകത്തിലെ സ്പെഷൽ പ്രോസിക്യൂട്ടർ എവിടേയെന്ന് മണ്ണാർക്കാട് കോടതി ചോദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുൻ എറണാകുളം സിജെഎം കൂടിയായ വിടി രഘുനാഥ് നയം വ്യക്തമാക്കുന്നത്.
പ്രതികൾ ആവശ്യപ്പെട്ട രേഖകൾ പോലീസ് കൈമാറാതെ വിസ്താര നടപടികൾ തുടങ്ങാൻ കഴിയില്ല. ആദ്യ കുറ്റപത്രത്തിൽ പഴുതുകൾ ഉണ്ടായിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന മധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം യുക്തിസഹമാണ്. ഔദ്യോഗികമായി സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാൽ പൊലീസ് അന്വേഷണത്തെപ്പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അഡ്വ രഘുനാഥ് അറിയിച്ചു. മധുവിന്‍റെ ബന്ധുക്കളും ആക്ഷൻ കൗൺസിലും പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.