കൊട്ടാരക്കര : മധുര റെയില്‍വേ ഡിവിഷന്‍ മാനേജര്‍ പി. ആനന്ദ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു എന്നിവര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ എം.പി ഡിവിഷന്‍ മാനേജരുമായി പങ്കുവെച്ചു. ചെന്തറ ജങ്ഷനില്‍ അടിയന്തരമായി അടിപ്പാത പണിയണമെന്ന് എം.പി ആവശ്യപ്പെട്ടു.
നഗരസഭ ചെയര്‍മാനും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കി.ചെന്തറ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും നിവേദനം നല്‍കി. പ്ലാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിക്കുക, അനുവദിച്ച രണ്ട് ലിഫ്റ്റുകളുടേയും ജോലികള്‍ ഉടന്‍ ആരംഭിക്കുക, പുനലൂര്‍ – ചെങ്കോട്ട റെയില്‍ പാതയിലെ വൈദ്യുതീകരണം പൂര്‍ത്തീകരിക്കുക,
കോവിഡ് മൂലം നിര്‍ത്തിവെച്ച എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് (കോട്ടയം, കൊല്ലം, കൊട്ടാരക്കര, ചെങ്കോട്ട വഴി) എത്രയും പെട്ടന്ന് പുനരാരംഭിക്കുക, ഗുരുവായൂര്‍ – പുനലൂര്‍ എക്സ്പ്രസ് സര്‍വിസ് മധുരയിലേക്ക് നീട്ടുക, കൊല്ലം – കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് (കൊട്ടാരക്കര, തെങ്കാശി, മധുര, പളനി വഴി) പുനരാരംഭിക്കുക, ഷെല്‍ട്ടറുകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ പുതിയതായി പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക, റെയില്‍വേ സ്റ്റേഷനില്‍ എ.ടി.എം കൗണ്ടര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ സംഘടനകള്‍ ഉന്നയിച്ചു.