ഇന്‍ഡോര്‍: മധ്യപ്രദേശില്‍ പൊട്ടിട്ട് സ്‌കൂളില്‍ വന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ഇന്‍ഡോറിലെ ശ്രീ ബാലവിജ്ഞാന്‍ ശിശുവിഹാര്‍ ഹൈസെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പൊട്ടിട്ട് സ്‌കൂളില്‍ വന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ശിക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊട്ടിട്ട് വരുന്നത് ഇനിയും ആവര്‍ത്തിച്ചാല്‍ ടിസി (ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി ഒരു വിദ്യാര്‍ത്ഥി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാപ്പ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മംഗളേഷ് വ്യാസാണ് സംഭവത്തില്‍ നടപടി സ്വീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ ഉറപ്പുനല്‍കി.