ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ശബ്ദം കേട്ട് എത്തിയ ഭാര്യയുടെ സഹോദരിയെയും ആക്രമിച്ചു. പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ പിപ്രൗധ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. പ്രതിയായ രാംപ്രസാദ് റായ്ക്വാർ ആക്രമണത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ടു. രാംപ്രസാദ് റായ്ക്വാർ ഭാര്യ രശ്മിയെ സംശയിച്ചിരുന്നുവെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നെന്നും പോലീസ് സൂപ്രണ്ട് ആനന്ദ് കലഡ്ഗി പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപ് രാംപ്രസാദും ഭാര്യയും ജോലിക്കായി മുംബൈയിലേക്ക് പോയിരുന്നു.
അവിടെയും വഴക്ക് തുടർന്നതോടെ രശ്മി ബമോരി ഗ്രാമത്തിലുള്ള ഭർതൃവീട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ രാംപ്രസാദ് നിരന്തരം പ്രശ്നങ്ങൾ തുടർന്നതോടെ രണ്ടു ദിവസങ്ങൾക്ക് മുൻപ് കുടുംബത്തിന്റെ ഉപദേശപ്രകാരം പിപ്രൗധയിലുള്ള മാതാപിതാക്കൾക്കരികിലേക്ക് രശ്മി പോയി. ഞായറാഴ്ച മദ്യലഹരിയിൽ ഭാര്യയുടെ വീട്ടിലെത്തി രാംപ്രസാദ് വഴക്കുണ്ടാക്കുകയും മടങ്ങി പോകുകയും ചെയ്തു. പിറ്റേന്ന് പുലർച്ചെ നാലു മണിയോടെ വീട്ടിലേക്ക് തിരികെയെത്തിയ രാംപ്രസാദ്, ഉറങ്ങുകയായിരുന്ന 65 വയസ്സുകാരനായ ഭാര്യാപിതാവ് രമേഷ് റായ്ക്വാറിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ ശബ്ദം കേട്ട് ഉണർന്ന ഭാര്യയുടെ സഹോദരി ഓടിയെത്തി തടയാൻ ശ്രമിച്ചെങ്കിലും പ്രതി അവരെയും ആക്രമിച്ചു. പിന്നാലെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രാംപ്രസാദിനായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.































