പത്തനംതിട്ട: മദ്രസകൾ മാനവിക കേന്ദ്രങ്ങളാണെന്നും നീതിയിലധിഷ്ഠിതമായ ഒരു നവസാമൂഹിക രൂപീകരണമാണ് മദ്രസകളും മസ്‌ജിദുകളും ലക്ഷ്യംവെയ്ക്കുന്നതെന്നും അമീറുൽ ഹിന്ദ് മൗലാനാ സയ്യിദ് അർഷദ് മദനി വ്യക്തമാക്കി. തെക്കൻ കേരളത്തിലെ പ്രമുഖ ദീനീ കലാലയമായ പത്തനംതിട്ട, കുലശേഖരപതി കഷ്ഷാഫുൽ ഉലൂം അറബിക് കോളേജിൻ്റെ ഏഴാം സനദ് ദാന മഹാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സമാപന സദസിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വൻബഹുജന പങ്കാളിത്തത്തിന് സാക്ഷിയായ വേദിയിൽ 132 വിദ്യാർത്ഥികളാണ് ബിരുദം സ്വീകരിച്ചത്. ദൈവീക കൽപനകൾ അനുസരിക്കുന്നതിനോടൊപ്പം ജാതിമതഭേദങ്ങളില്ലാതെ മുഴുവൻ മനുഷ്യരോടും കളങ്കരഹിതമായ ബന്ധങ്ങൾ സ്ഥാപിക്കണം, വർഗ്ഗീയത അതിരൂക്ഷമായ സമകാലിക സാഹചര്യത്തിൽ നാം അതീവ ജാഗ്രത പാലിക്കണം. വർഗീയ ധ്രുവീകരണങ്ങളുടെ അപകട കെണികളിൽ നാം വീണുപോകരുതെന്നും അദ്ദേഹം സഗൗരവം ഓർമ്മിപ്പിച്ചു.
സ്നേഹപൂർണ്ണമായ ജീവിതംകൊണ്ട് സമൂഹത്തെ ഗ്രസിച്ച വർഗീയതയെ നമുക്ക് തുടച്ച് നീക്കാം. ജീവ ജാലങ്ങളോടുപോലും നമുക്ക് അവഗണിക്കാൻ കഴിയാത്ത കടമകളുണ്ട്, ജംഇയ്യത്തുൽ ഉലമാ ഹിന്ദ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ബഹുജന പ്രസ്ഥാനത്തിന്റെ പ്രവർത്തനമേഖലയും മദ്രസകളും വിളംബരം ചെയ്യുന്നതും സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കലാണ്. നമ്മുടെ രാജ്യത്തുനിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതര പാരമ്പര്യവും സൗഹാർദ്ദ അന്തരീക്ഷവും വീണ്ടെടുക്കുന്നതിൽ ജംഇയ്യത്തുൽ ഉലമാ ഹിന്ദ് എന്നും പ്രതിജ്ഞാബദ്ധമാണ്. അന്യായമായി രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട നിരപരാധികളായ യുവാക്കളുടെ മോചനത്തിനുവേണ്ടിയും രാജ്യത്തിന്റെ സെക്യുലർ സംസ്കാരത്തെ തകർക്കുന്ന ഭരണകൂടത്തിൻ്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെയും ഈ പ്രസ്ഥാനം നിരന്തരം നിയമയുദ്ധത്തിലാണ്. രാജ്യവ്യാപകമായി വിവിധ കോടതികളിൽ ചെലവഴിച്ച 1125 കേസുകളാണ് ജംഇയ്യത്ത് ഏറ്റെടുത്ത് നടത്തുന്നതെന്നും മൗലാനാ മദനി പറഞ്ഞു. ഭരണകൂടത്തെ പ്രതിരോധത്തി ലാക്കുന്ന സുപ്രീം കോടതിയുടെ തുടർച്ചയായ ചോദ്യങ്ങൾക്കും ഇടപെടലുകൾക്കും പിന്നിൽ ജംഇയ്യത്ത് നടത്തുന്ന നിയമപോരാട്ടങ്ങളുടെ സമ്മർദ്ദഫലങ്ങളാണെന്ന് ഏവർക്കും അറിയുന്ന വസ്‌തുതയാണ്.
മദ്രസകളും മസ്ജിദുകളും നിലനിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. നീതിയും സമാധാനവും ഉന്നത മൂല്യങ്ങളും നിറഞ്ഞ ഒരു മാതൃകാ സമൂഹത്തിൻ്റെ സൃഷ്ടിക്കുവേണ്ടി അദ്ധ്വാനിക്കുന്ന പ്രബോധകരായ പണ്ഡിതരെയാണ് മദ്രസകൾ തുടർച്ചയായി സംഭാവന ചെയ്‌തുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഹിന്ദുമുസ്ലിം വർഗീയത ആളിക്കത്തിച്ച് ലഹളകൾ സൃഷ്ടിക്കുകയും മുസ്‌ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഇതിന്റെ മറവിൽ ഉന്മൂലനം ചെയ്യാമെന്നുള്ള സ്വപ്നം ഒരു വ്യാമോഹം മാത്രമാണ്. ഇന്ത്യ ദശാബ്ദങ്ങളായി ആർജ്ജി ച്ചെടുത്ത മതേതര പൊതുമനസ് ഈ വിഭജനം അനുവദിക്കുകയില്ല. ചരിത്രത്തിൽ ഇസ്‌ലാമിനോട് ഏറ്റുമുട്ടാൻ വന്ന പ്രബലശക്തികളെല്ലാം പരാജയം രുചിച്ച് പിൻവാങ്ങിയതിനെയാണ് ലോകം സാക്ഷ്യം വഹിച്ചത്. മാനവ സൗഹാർദ്ദ സന്ദേശങ്ങളിലേക്ക് എല്ലാവരും കടന്നുവരണമെന്ന് അർഷദ് മദനി പ്രഭാഷണ മദ്ധ്യേ ഉൽബോധിപ്പിച്ചു.
സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് ദ്വിദിന പ്രോഗ്രാമുകൾ വിവിധ സെക്ഷനുകളിലായി സംഘടിപ്പിച്ചു. പ്രഥമദിനത്തിൽ നടന്ന മാനവ സൗഹാർദ്ദ സദസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ ആശംസനേർന്നു. സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ റ്റി എ അബ്‌ദുൽ ഗഫ്ഫാർ മൗലവി അൽകൗസരി അദ്ധ്യക്ഷത വഹിച്ചു. ഹാഫിസ് പി. പി. ഇസ്ഹാഖ് മൗലവി അൽഖാസിമി, മുഫ്‌തി സുലൈമാൻ മൗലവി അൽകൗസരി, പി. എച്ച് അബ്ദുൽ ഗഫ്ഫാർ മൗലവി അൽകൗസരി, ഹാഫിസ് അബ്‌ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി തുടങ്ങിയവർ സംസാരിച്ചു.