ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന് ഉജ്ജയിനിലെ ചരിത്രപ്രസിദ്ധവും നൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നടപടി മധ്യപ്രദേശ് ഹൈക്കോടതി ശരിവെച്ചു. കോർപ്പറേഷന്റെ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ മസ്ജിദ് കമ്മിറ്റികൾ സമർപ്പിച്ച രണ്ട് ഹർജികളും തള്ളിയാണ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് സന്ദീപ് എൻ. ഭട്ടിന്റെ സിംഗിൾ ബെഞ്ചാണ് ഹർജികൾ തള്ളിയത്. 2028-ൽ നടക്കുന്ന സിംഹസ്ഥ കുംഭമേളയിൽ കോടിക്കണക്കിന് തീർഥാടകരെത്തും. ഗതാഗത സൗകര്യമൊരുക്കലും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് അനിവാര്യമായ പൊതുതാൽപ്പര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മസ്ജിദിന്റെ ഭാഗങ്ങൾ പൊളിക്കാൻ അനുമതി നൽകിയത്.
ഇതേ പാതയിൽ പത്ത് ക്ഷേത്രങ്ങളുടെയും ഒരു മസ്ജിദിന്റെയും ഭാഗങ്ങൾ നേരത്തെ തന്നെ നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ നഗരത്തിൽ 80-ഓളം നിർമിതികൾക്കെതിരെ സമാന നടപടി സ്വീകരിച്ചിട്ടുള്ളതിനാൽ കോർപ്പറേഷൻ വിവേചനപരമായി പ്രവർത്തിച്ചുവെന്നോ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25, 26 എന്നിവ ലംഘിച്ചുവെന്നോ പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഉജ്ജയിൻ ഡെവലപ്മെന്റ് പ്ലാൻ 2035 പ്രകാരമാണ് റോഡ് വീതികൂട്ടൽ നടക്കുന്നത്. നോട്ടീസ് നൽകി പരാതികൾ കേൾക്കാനുള്ള അവസരം നൽകിയ ശേഷമാണ് കോർപ്പറേഷൻ തീരുമാനമെടുത്തതെന്നും കോടതി പറഞ്ഞു.






























