ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ ചരക്ക് തീവണ്ടി ഇടിച്ച് മരിച്ച സംഭവത്തില്‍ ദുഃഖം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി സംസാരിച്ചെന്നും അദ്ദേഹം കാര്യങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അത്യന്തം വേദനാജനകം എന്നാണ് അദ്ദേഹം അപകടത്തെക്കുറിച്ച് കുറിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.15ഓടെയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 14 പേര്‍ ട്രെയിനിടിച്ച് മരിച്ചത്. മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘം ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.