മുംബൈ : ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ കർഷക കൊലയിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ ഭരണകക്ഷികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സംസ്ഥാന വ്യാപക ബന്ദ്. ശിവസേന, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി, കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് ബന്ദിന് ആഹ്വാനം. ബന്ദിന് എല്ലാവരും സഹകരിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. അവശ്യസേവനങ്ങളൊഴികെ ബാക്കിയെല്ലാം ബന്ദിൽ നിശ്ചലമാകുമെന്ന് മഹാരാഷ്ട്ര വികാസ് അഗാഡി സർക്കാർ പറഞ്ഞു.
സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ബന്ദ് അല്ലെന്നും രാഷ്ട്രീയ പാർട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഷേധ സ്വരങ്ങളെ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും കർഷകക്കൊലയിൽ മകൻ അറസ്റ്റിലായ സാഹചര്യത്തിൽ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം ഒഴിയണമെന്നും എൻ.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് പാർട്ടി മുംബൈ രാജ് ഭവന് മുമ്പിൽ മൗന പ്രതിഷേധം ആചരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്‍റ് നാന പടോൾ പറഞ്ഞു. ബന്ദിന് നിരവധി സംഘടനകളും പിന്തുണ അറിയിച്ചു. ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കടകൾ അടച്ചിടുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു.