മുംബൈ : ഒരിക്കലും പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് മഹാരാഷ്ട്രയിലെ വനിതാ കോളേജ് വിദ്യാർത്ഥിനികൾ. പ്രണയദിനമായ ഫെബ്രുവരി 14നായിരുന്നു ഇവരുടെ പ്രതിജ്ഞ. ‘ഒരിക്കലും ആരെയും പ്രണയിക്കില്ല പ്രണയബന്ധം ഉണ്ടാകില്ലെന്ന് മാത്രമല്ല പ്രണയിച്ച് വിവാഹം കഴിക്കുകയുമില്ല’ എന്നായിരുന്നു ചന്തൂരിലെ മഹിളാ ആർട്സ് ആന്റ് കൊമേഴ്സ് കോളെജ് വിദ്യാർത്ഥിനികളുടെ പ്രതിജ്ഞാ വാചകങ്ങൾ.
മാതാപിതാക്കളിൽ പൂർണ്ണമായി വിശ്വസിക്കുന്നുവെന്നും ഒരിക്കലും പ്രണയത്തിൽ വീണുപോകില്ലെന്നും അത്തരത്തിലൊരു വിവാഹമുണ്ടാകില്ലെന്നുമായിരുന്നു ഭൂരിഭാഗം പേരുടെയും അവകാശവാദം. അതുപോലെ തന്നെ സ്ത്രീധനം ആവശ്യപ്പെടുന്നവരെ വിവാഹം കഴിക്കില്ലെന്നും പെൺകുട്ടികൾ പറഞ്ഞു. പ്രണയത്തിന്റെയും വിവാഹത്തിന്റെയും വിഷയത്തിൽ മാതാപിതാക്കളുടെ തീരുമാനമാണ് എപ്പോഴും നല്ലതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
പ്രണയിച്ച് വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് ഭാവന തയ്ദേ എന്ന വിദ്യാർത്ഥിനി ചോദിക്കുന്നു. ”ഇത്തരം വിഷയങ്ങളിൽ മികച്ച തീരുമാനം എടുക്കാനുള്ള പ്രാപ്തി നമ്മുടെ മാതാപിതാക്കൾക്കുണ്ട്. നമ്മുടെ താത്പര്യങ്ങൾക്ക് അനുയോജ്യമായവരെ അവർ കണ്ടെത്തി നൽകും.” ആരുടെയും നിർബന്ധത്താൽ അല്ല വിദ്യാർത്ഥിനികൾ ഇത്തരമൊരു പ്രതിജ്ഞ എടുത്തതെന്ന് മഹാരാഷ്ട്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി യഷോമതി താക്കൂർ പറഞ്ഞു. വാർധ സംഭവം പോലെയുള്ള വിഷയത്തിൽ കൂടുതൽ ജാഗ്രതയുള്ളവരായിരിക്കാൻ വേണ്ടി വിദ്യാർത്ഥിനികൾക്കിടയിൽ നിന്ന് തന്നെയാണ് ഇത്തരം നിർദ്ദേശം വന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് വാർധയിൽ ഇരുപത്തിനാല് വയസ്സുള്ള കോളേജ് അധ്യാപികയെ സുഹൃത്തായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. നാൽപത് ശതമാനത്തിലധികം പൊള്ളലേറ്റ യുവതി നാഗ്പൂർ ഹോസ്പിറ്റലിൽ വച്ച് മരിക്കുകയായിരുന്നു.