മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 148 നിയമസഭാ സീറ്റുകളിൽ ഭരണകക്ഷിയായ ബിജെപിയും, 103 സീറ്റുകളിലായി കോൺഗ്രസ്സും മത്സരിക്കും. മഹാരാഷ്ട്രയിലെ 288 അസംബ്ലി സീറ്റുകളിലേക്ക് ഭരണകക്ഷിയായ മഹായുതിയിലെയും, പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലെയും (എംവിഎ) പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവരുൾപ്പെടെ 8,000 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 80 സീറ്റുകളിൽ സ്ഥാനാർത്ഥികളെയും, ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ എൻസിപി 53 മത്സരാർത്ഥികളെയും പ്രഖ്യാപിപ്പിച്ചു. തെരഞ്ഞെടുപ്പിനായി 7,995 സ്ഥാനാർത്ഥികൾ 10,905 നാമനിർദ്ദേശ പത്രികകൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ 22-ന് ആരംഭിച്ച നാമനിർദ്ദേശ നടപടികൾ ചൊവ്വാഴ്ച അവസാനിച്ചു.
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 4 ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ 5,543 നാമനിർദ്ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചത് ഒടുവിൽ 3,239 സ്ഥാനാർത്ഥികൾ മാത്രമായിരുന്നു മത്സരിച്ചത്. നവംബർ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാസിക് ജില്ലയിൽ നിന്ന് മാത്രം 361 സ്ഥാനാർത്ഥികൾ 506 നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. മാലേഗാവ് ഔട്ടറിൽ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാരായ ദാദാ ഭൂസെ (ശിവസേന), യോലയിൽ നിന്നുള്ള ഛഗൻ ഭുജ്ബൽ (എൻസിപി) എന്നിവരും വിവിധ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നുണ്ട്. വോട്ടെടുപ്പ് നവംബർ 20 ന് നടക്കും, നവംബർ 23 നാണ് വോട്ടെണ്ണൽ.