മുംബൈ : മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു.
ചവാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയുടെ കുടുബത്തെയും ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മഹാരാഷ്ട്രയാണ് മുന്നില്‍. ഇന്നലെ 3041 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. 58 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതുവരെ 50,231 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,996 പേര്‍ ചികിത്സയിലുണ്ട്. 14,600 പേര്‍ രോഗമുക്തരായി. മരണം 1635 ആയി. അതേസമയം കൊവിഡ് ചികിത്സയ്ക്കായി കേരളത്തോട് ആരോഗ്യപ്രവര്‍ത്തകരെ ആവശ്യപ്പെട്ടിരിക്കുകയാണ് മഹാരാഷ്ട്ര. വിദഗ്ധരായ 50 ഡോക്ടര്‍മാരേയും 100 നഴ്‌സുമാരേയും അയക്കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. പ്രത്യേക സാഹചര്യം പരിഗണിച്ച് മേയ് 31 ശേഷവും ലോക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചു.