പത്തനംതിട്ട : മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കുവാനും വാര്‍ഡ് തലത്തില്‍ ബഹുജന അടിത്തറ വിപുലപ്പെടുത്തി സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനുമായി കെ.പി.സി.സി നിര്‍ദ്ദേശമനുസരിച്ച് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 ന് ആരംഭിച്ച് ഫെബ്രുവരി 28 ന് അവസാനിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ ചെയര്‍മാനും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം കണ്‍വീനറും ഡി.സി.സി ഭാരവാഹികളായ കെ. ജാസിംകുട്ടി, ഡി.എന്‍. തൃദീപ്, കോശി. പി. സഖറിയ എന്നിവര്‍ അംഗങ്ങളുമായി ജില്ലാതല ഏകോപന സമിതി രൂപീകരിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 30 ന് വൈകിട്ട് 4 മണിക്ക് പത്തനംതിട്ട വെസ്റ്റ് മണ്ഡലത്തിലെ മുണ്ടുകോട്ടയ്ക്കല്‍ വാര്‍ഡില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ നിര്‍വ്വഹിക്കും. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ നേതാക്കള്‍ പ്രസംഗിക്കും, അന്നേ ദിവസം തന്നെ ജില്ലയിലെ എഴുപത്തിയഞ്ച് മണ്ഡലങ്ങളിലും തിരഞ്ഞെടുത്ത ഓരോ വാര്‍ഡുകളില്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും. തുടര്‍ന്നുള്ള ഒരുമാസക്കാലംകൊണ്ട് എല്ലാ വാര്‍ഡുകളിലും കുടുംബ സംഗമങ്ങള്‍ വിപുലമായി നടത്തി പൂര്‍ത്തീകരിക്കുമെന്ന് ഡി.സിസി പ്രസിഡന്‍റ് പറഞ്ഞു.