മലപ്പുറം : വാഴക്കാട് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഞ്ചു ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ഓംബുഡ്സ്മാൻ. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വാലില്ലാപ്പുഴ കണ്ണത്തുംപാറ റോഡിൽ കാളിക്കുളങ്ങര ഭാഗത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഡ്രെയ്‌നേജ് നിർമിച്ചതിൽ ക്രമക്കേട് നടന്നതായാണ് ഓംബുഡ്സ്മാൻ കണ്ടെത്തൽ. ഡ്രൈനേജ് നിർമ്മാണം പൂർത്തിയായി ദിവസങ്ങൾക്കകം തന്നെ തകർന്നതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം നടത്തിയിരുന്നു. വാഴക്കാട് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി എൻജിനീയർ, ഓവർസിയർ, ബ്ലോക്ക് ഓവർസിയർ, ബ്ലോക്ക് ജോയിൻറ് ബി ഡി ഒ, വാഴക്കാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടിക്ക് ഓംബുഡ്സ്മാൻ ശുപാർശ ചെയ്തത്.
എസ്റ്റിമേറ്റ് അനുസരിച്ചല്ല വർക്ക് നടന്നത്, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരുടെ യാതൊരു മേൽനോട്ടവും ഉണ്ടായില്ല, സാധനങ്ങൾ മാനദണ്ഡപ്രകാരമല്ല പർച്ചേസ് ചെയ്തത്, തുടങ്ങി 18 ഓളം ഗുരുതരമായ കുറ്റങ്ങളാണ് ഓംബുഡ്സ്മാൻ അന്വേഷണത്തിൽ കണ്ടെത്തിയത്. നാട്ടുകാരുടെ പരാതി അട്ടിമറിക്കാൻ ബ്ലോക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ശ്രമവും ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 358691 രൂപ എസ്റ്റിമേറ്റിൽ കാളിക്കുളങ്ങര ഭാഗത്ത് മഴവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി റോഡിന് കുറുകെ കഴിഞ്ഞ ഓഗസ്റ്റിലാണ് ഡ്രെയ്‌നേജ് സ്ഥാപിച്ചത്. നിർമ്മാണ സമയത്ത് തന്നെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. തുടർന്നാണ് ഓംബുഡ്സ്മാൻ അന്വേഷണം നടത്തിയത്.