മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. മുഖ്യമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് ശിവസേന സന്നദ്ധമായെങ്കിലും, ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തീരുമാനം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദവി വിട്ടുകൊടുക്കാമെന്ന് സമ്മതിച്ച ഏക്‌നാഥ് ഷിന്‍ഡെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചതായാണ് സൂചന. എന്നാല്‍ ഇതിനോട് ബിജെപി നേതൃത്വം വിയോജിപ്പ് അറിയിച്ചു. ശ്രീകാന്തിനെ ഉപമുഖ്യമന്ത്രിയാക്കിയാല്‍, സഖ്യം ഇതുവരെ മുന്നോട്ടുവെച്ച കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരായ പ്രചാരണം ദുര്‍ബലമാക്കപ്പെടുമെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ശിവസേനയ്ക്ക് ലഭിച്ച ഉപമുഖ്യമന്ത്രി പദത്തില്‍ ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും, ബിജെപിക്ക് അതില്‍ യാതൊരു റോളുമില്ലെന്നുമാണ് ഷിന്‍ഡെ പറയുന്നത്. ഏക്‌നാഥ് ഷിന്‍ഡെ വിട്ടു നിന്നാല്‍ ശിവസേനയില്‍ തന്നെ നിരവധി നേതാക്കളാണ് ഉപമുഖ്യമന്ത്രി പദമോഹവുമായി കാത്തുനില്‍ക്കുന്നത്.
ദേവേന്ദ്രഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ഇക്കാര്യം ആര്‍എസ്എസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നിശബ്ദത പാലിച്ചതിനാല്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ നില 23ല്‍ നിന്ന് 9 ആയി കുറഞ്ഞു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍, ആര്‍എസ്എസ് സജീവമായി പ്രവര്‍ത്തിച്ചു. ഫലമായി മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്താനായി. ശക്തനും ചെറുപ്പക്കാരനുമായ നേതാവിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കുകയും പിന്നീട് കേന്ദ്രത്തില്‍ ബിജെപിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും ആര്‍എസ്എസ് നേതാക്കള്‍ സൂചിപ്പിക്കുന്നു.