പത്തനംതിട്ട : നിയമസഭ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് ഇരുപത് ശതമാനം സീറ്റുകൾ മത്സരിക്കാൻ നൽകണമെന്ന് മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലതിക സുഭാഷിന്റെ നേതൃത്വത്തിൽ ജനുവരി 16 മുതൽ 22 വരെ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ജില്ലാ തലത്തിൽ നടക്കുന്ന വനിതാ നേതൃസംഗമത്തിന്റെ ഭാഗമായി പത്തനംതിട്ട ഡിസിസിയിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ഒരു ദിവസം രണ്ട് ജില്ലകളിലായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിനായി മഹിളാ കോൺഗ്രസിനെ സജ്ജമാക്കുകയാണ് നേതൃസംഗമംകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. സംഗമത്തിന്റെ ഭാഗമായി ജില്ലകളിലെ മുതിർന്ന വനിതാ നേതാക്കളുമായി ആശയവിനിമയം നടത്തുകയും ഭരണകൂട നീതി നിഷേധത്തിന് ഇരയായവര്‍ക്ക് മഹിളാ കോൺഗ്രസ്സിന്റെ ധാർമ്മിക പിന്തുണ നല്‍കുകയും ചെയ്യും. കോൺഗ്രസ്സ് മുന്നോട്ട് വെയ്ക്കേണ്ട വികസന ആശയങ്ങളെക്കുറിച്ചുള്ള ചർച്ചയും നേതൃസംഗമത്തിന്റെ ഭാഗമായി നടത്തും.
പത്തനംതിട്ട ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, ലാലി ജോൺ, ഗീത ചന്ദ്രൻ, സുധ നായർ, സിന്ധു അനിൽ, ശോശാമ്മ തോമസ്, വിനീത അനിൽ, എലിസബത്ത് അബു, ലീല രാജൻ, റോസിലിൻ സന്തോഷ്, വസന്ത ശ്രീകുമാർ, മേഴ്‌സി സാമുവൽ, ജെസ്സി അലക്സ്, റൂബി ജോൺ എന്നിവർ പ്രസംഗിച്ചു.