പാലക്കാട്: മഹിളാമോര്‍ച്ച നേതാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബി ജെ പി മുന്‍ ബൂത്ത് പ്രസിഡന്റ് കാളിപ്പാറ സ്വദേശി പ്രജീവിനെ പാലക്കാട് നോര്‍ത്ത് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ദിവസങ്ങള്‍ക്ക് മുമ്പാണ്ജീ വനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദി പ്രജീവാണെന്ന് വ്യക്തമാക്കിയിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ രണ്ടുപേരുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ശരണ്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
പ്രജീവിന്റെ ഫോണ്‍കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ശരണ്യയുമായി തനിക്ക് നല്ല സൗഹൃദമായിരുന്നുവെന്നാണ് പ്രജീവ് പറയുന്നത്. ശരണ്യയുടെ ആത്മഹത്യയില്‍ ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും ബിജെപി നേതാക്കള്‍ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പ്രജീവ് പറഞ്ഞു.ഇക്കഴിഞ്ഞ 10ന് വൈകിട്ടാണ് ഇരുപത്തേഴുകാരിയായ ശരണ്യയെ മാട്ടുമന്തയിലെ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരണ്യയുടെ അച്ഛന്‍- രാജന്‍, അമ്മ- ശശികല (തങ്കം), ഭര്‍ത്താവ്- രമേഷ്, മക്കള്‍- രാംചരണ്‍, റിയശ്രീ.