ഇന്ത്യയിലെ എസ്‌യുവി സ്പെഷ്യലിസ്റ്റ് എന്ന് വിളിക്കാവുന്ന ബ്രാന്റാണ് മഹീന്ദ്ര (Mahindra). പല വില വിഭാഗങ്ങളിലായി പല തരത്തിലുള്ള എസ്‌യുവികൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മഹീന്ദ്ര എസ്‌യുവികൾ വളരെ ജനപ്രിതി നേടിയവയാണ് എങ്കിലും ഇവയുടെ വെയിറ്റിങ് പിരീഡ് ആണ് ആളുകളെ മടുപ്പിക്കുന്നത്. മിക്ക മഹീന്ദ്ര എസ്‌യുവികളും ബുക്ക് ചെയ്താൽ വളരെയധികം കാലം കാത്തിരിക്കേണ്ടി വരും. അടുത്ത കാലം വരെ മഹീന്ദ്ര സ്കോർപിയോ എൻ (Mahindra Scorpio N) എന്ന വാഹനത്തിന്റെയും അവസ്ഥ ഇതായിരുന്നു. എന്നാൽ ഇപ്പോൾ ഈ എസ്‌യുവിയുടെ വെയിറ്റിങ് പിരീഡ് കുറച്ചിരിക്കുകയാണ് കമ്പനി.
മെയ് മാസത്തിൽ മഹീന്ദ്ര സ്കോർപിയോ എൻ ബുക്ക് ചെയ്താൽ 18 മാസം അഥവാ ഒന്നരകൊല്ലം വരെ വെയിറ്റിങ് പിരീഡ് ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് 13 മാസമായി കുറഞ്ഞിരിക്കുകയാണ്. സ്കോർപിയോ എൻ എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് മാത്രമാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. മഹീന്ദ്ര ഥാർ, XUV700 എന്നിവ ബുക്ക് ചെയ്യുന്നവർ പഴയ പോലെ ഒരു വർഷത്തിൽ അധികം കാത്തിരുന്നാൽ മാത്രമേ വാഹനം കൈയ്യിൽ കിട്ടുകയുള്ളു. ഉത്പാദനം വർധിപ്പിച്ചതാണ് സ്കോർപിയോ എൻ വെയിറ്റിങ് പിരീഡ് കുറയാൻ കാരണം. ബുക്കിങ് വർധിച്ച് ഡെലിവറി വളരെയധികം വൈകുമെന്ന സാഹചര്യം ഉണ്ടായ അവസരത്തിലാണ് മഹീന്ദ്ര സ്കോർപിയോ എൻ ഉത്പാദനം കമ്പനി വർധിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ.
ആവശ്യക്കാർ കൂടുതലുള്ള വേരിയന്റുകൾക്ക് ഇപ്പോൾ ഒരു വർഷം വരെയാണ് വെയിറ്റിങ് പിരീഡ് ഉള്ളത്. ഇതും കുറയ്ക്കാനുള്ള നടപടികളിലാണ് കമ്പനി എന്നാണ് സൂചനകൾ. ഈ വാഹനത്തിന്റെ കൂടുതൽ യൂണിറ്റുകൾ ഉത്പാദിപ്പിക്കുക എന്നത് തന്നെയാണ് കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനുള്ള മാർഗം. മഹീന്ദ്ര സ്കോർപിയോ എൻ ബേസ്-സ്പെക്ക് Z2 വേരിയന്റിന്റെ പെട്രോൾ വേരിയന്റുകൾക്ക് 6 മുതൽ 7 മാസം വരെയും ഡീസൽ വേരിയന്റുകൾക്ക് 7 മുതൽ 8 മാസം വരെയുമാണ് വെയിറ്റിങ് പിരീഡ്. നേരത്തെ പെട്രോൾ, ഡീസൽ Z2 വേരിയന്റുകൾക്ക് 11 മുതൽ 12 മാസം വരെ ആയിരുന്നു. Z4 പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 10 മുതൽ 12 മാസം വരെയാണ് ഇപ്പോൾ വെയിറ്റിങ് പിരീഡ്. മെയ് മാസത്തിൽ ഇത് 17 മുതൽ 18 മാസം വരെയായിരുന്നു.