ഇട്ടിയപ്പാറ : ഇട്ടിയപ്പാറ മിനർവപടിയിൽ ഗവ. ആയുർവേദ ഡിസ്പെൻസറിക്കു മുന്നിലെ പാതി മുറിച്ചു നിർത്തിയിരിക്കുന്ന മഹാഗണി അപകടഭീഷണി ഉയര്‍ത്തുന്നു. ഡിസ്പെൻസറിക്കു കെട്ടിടം പണിതപ്പോൾ മുറ്റത്ത് ഇന്‍റര്‍ലോക്ക് പാകിയിരുന്നു. ഇവിടെ നിന്നിരുന്ന മഹാഗണി മരങ്ങൾ മുറിച്ചു നീക്കാതെയാണ് ഇന്‍റര്‍ലോക്ക് പാകിയത്. മരം വളർന്നപ്പോൾ വേരുകൾ പടർന്നു. ഇതോടെ ഇന്‍റര്‍ലോക്ക് ഇളകി തുടങ്ങി. ഇതിനു പരിഹാരം കാണാൻ മരങ്ങൾ മുറിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. 2 മരങ്ങളുടെ ശിഖരങ്ങളെല്ലാം മുറിച്ചു നീക്കി.
തായ് തടികൾ ഇവിടെ നിൽപുണ്ട്. അതിലൊന്നാണ് പാതി മുറിച്ചു നിർത്തിയിരിക്കുന്നത്. മരം ലേലം ചെയ്തു വിൽക്കണമെങ്കിൽ സാമൂഹിക വനവൽക്കരണ വിഭാഗം വില നിശ്ചയിച്ചു നൽകണം. അതിനു താമസം നേരിടുന്നതു മൂലമാണ് മുറിക്കാത്തത്. ഡിസ്പെൻസറിയുടെ മതിലിനോടു ചേർന്നാണ് പാതി മുറിച്ച മരം നിൽക്കുന്നത്. മതിലിനു പുറത്ത് ഇട്ടിയപ്പാറ ബൈപാസിന്റെ വശത്ത് മിക്കപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. കൂടാതെ വാഹന തിരക്കേറിയ റോഡുമാണിത്. കാറ്റിൽ മരം വീണാൽ വാഹനങ്ങൾക്കും മതിലിനും നാശം നേരിടാനിടയുണ്ട്.