ന്യൂഡല്‍ഹി : ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ മെയ‍്‍ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിര്‍മാണം നിര്‍ത്താന്‍ ഹരിയാണ സര്‍ക്കാര്‍. മെയ‍്‍ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പരിശോധനയില്‍ പന്ത്രണ്ടോളം ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഹരിയാണ ആരോഗ്യ മന്ത്രി അനില്‍ വിജ് വ്യക്തമാക്കി.
സെന്‍ട്രല്‍ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്നും അനില്‍ വിജ് പറഞ്ഞു. കമ്പനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന ലോകാരോഗ്യ സംഘടനയുടെ ആരോപണം വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.