കാലിഫോർണിയ : തെക്കൻ കാലിഫോർണിയ തീരത്തുണ്ടായ വലിയ എണ്ണചോർച്ചയിൽ പ്രദേശത്തെ ആവാസ വ്യവസ്ഥ തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. വലിയൊരു പ്രകൃതിദുരന്തമാണിതെന്നാണ് വിദഗ്ദ അഭിപ്രായം. എല്ലി ഓയിൽ റിഗ്ഗിൽ നിന്നാണ് ഇത്തരമൊരു എണ്ണ ചോർച്ച ഉണ്ടായത്. 300 ബാരലിനോട് അടുത്ത് എണ്ണ പസഫിക്ക് സമുദ്രത്തിന്റെ 13 സ്‌ക്വയർ മൈലോളം വ്യാപിച്ചു. ശനിയാഴ്ച്ചയാണ് ഈ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്.
സമീപ പ്രദേശങ്ങളിലെ തണ്ണീർത്തടങ്ങൾ മലിനമായിരിക്കുകയാണ്. മീനുകൾ ചത്തു പൊങ്ങുകയും പക്ഷികൾ ഇടം വിട്ട് പോവുകയും ചെയ്യുന്നു. നിരവധി ചെറുജീവികളും ചത്തൊടുങ്ങുകയാണ്. തണ്ണീർത്തടങ്ങളും കടൽതീരവും എണ്ണചോർച്ചയിൽ നിന്നുണ്ടായ മാലിന്യം കൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥയാണ് കാണാനാവുന്നത്. ഹണ്ടിങ്ങ്ടൺ ബീച്ച്, ന്യൂപോർട്ട് ബീച്ച് എന്നിവിടങ്ങിൽ എണ്ണചോർച്ചയുടെ പരിണിത ഫലങ്ങൾ രൂക്ഷമാണ്.
എണ്ണചോർച്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും വളരെ ഗുരുതരമായ പ്രശ്നമാണ് ഇതെന്നും യുഎസ് പ്രതിനിധിയായ മൈക്കൽ സ്റ്റീൽ പറഞ്ഞു. ഈ പരിസരം വൃത്തിയാക്കുന്നതിനുള്ള കഠിന പരിശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് ഹുസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംപ്ലിഫൈ എൻർജി കോർപ്പറേഷന്റെ കീഴിലെ ബീറ്റ ഓഫ്ഷോറിന്റതാണ് ഈ റിഗ്. എന്നാൽ ഇവർ വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ