തടിയൂർ : പുത്തൻശബരിമല ധർമശാസ്താക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവവും ഭാഗവത സപ്താഹവും നാലുമുതൽ 14 വരെ നടക്കും. പയ്യന്നൂർ പെരികമന ഇല്ലം ജയകൃഷ്ണൻ നമ്പൂതിരി ആണ് യജ്ഞാചാര്യൻ. നാലിന് വൈകിട്ട് അഞ്ചിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന് സ്വീകരണം നൽകും. സാംസ്കാരികസമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അയിരൂർ പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രഭാകരൻ അധ്യക്ഷത വഹിക്കും. വൈകിട്ട് ആറിന് ഭാഗവതമാഹാത്മ്യപ്രഭാഷണം. എട്ടിന് ശ്രീകൃഷ്ണ അവതാരവും ഒൻപതിന് രുക്മിണീസ്വയംവരവും പാരായണം ചെയ്യും. ഏഴുമുതൽ 14 വരെ രാത്രി ഏഴിന് പതിനെട്ടാംപടി പൂജ നടക്കും. ഭാഗവത സപ്താഹ യജ്ഞത്തിന്റെ സമാപനദിവസമായ 11-ന് ഒന്നിന് മഹാപ്രസാദമൂട്ട് അഡ്വ. കൃഷ്ണരാജ് ഭരതം ഉദ്ഘാടനം ചെയ്യും.
മകരവിളക്ക് ഉത്സവത്തിന്റെ ഒന്നാം ദിവസമായ 11-ന് രാത്രി എട്ടിന് ഫ്യൂഷൻ തിരുവാതിര, നൃത്തസന്ധ്യ, 12-ന് 8.30-ന് സംഗീതാർച്ചന, 9.30 കഥാപ്രസംഗം. 13-ന് വൈകീട്ട് 8.30 മുതൽ എതിരേൽപ് ഘോഷയാത്ര. രാത്രി 10-ന് ഗാനമേള. 14-ന് പുലർച്ചെ 5.45-ന് മഹാഗണപതി ഹോമം. ഒമ്പതുമുതൽ നവകം, ശ്രീഭൂതബലി, 8.55-ന് മകരസംക്രമ പൂജ, നെയ്യഭിഷേകം, 11-ന് കളഭാഭിഷേകം. നാലിന് പേട്ടകെട്ട്. വൈകീട്ട് 6.30-ന് മകരവിളക്ക് ദീപാരാധന. ഏഴിന് പുഷ്പാഭിഷേകം. 8.30-ന് പ്രസാദ വിതരണം, 9.30-ന് സേവ, പറയിടീൽ. 10.30-ന് കിരാതം കഥകളി. വിശേഷാൽ പൂജകൾ തന്ത്രി താഴമൺമഠം കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തന്റെയും മുഖ്യകാർമികത്വത്തിൽ നടക്കും.