കോട്ടയം : ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ജോസഫ് ഗ്രൂപ്പിലെ കെ പി ജയമോഹനന്‍ കരാര്‍പ്രകാരമുള്ള ആറു മാസം കാലാവധി കഴിഞ്ഞിട്ടും രാജി വെക്കാത്തതില്‍ യുഡിഎഫില്‍ വീണ്ടും പ്രശനങ്ങള്‍ ഉടലെടുക്കുന്നു. ഡിസിസി ഓഫീസില്‍ ആറുമാസത്തിന് കരാര്‍ എഴുതി വച്ച ശേഷമാണ് ജോസഫ് ഗ്രൂപ്പിലെ ജയമോഹനനെ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ആക്കിയത്.
ആറുമാസത്തിനുശേഷം ജയമോഹന് പകരം കോണ്‍ഗ്രസിലെ വിശ്വനാഥനെ വൈസ് ചെയര്‍പേഴ്‌സണ്‍ ആക്കണമെന്നും, വിശ്വനാഥന്‍ വഹിക്കുന്ന പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിലെതന്നെ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ, ടോമി കുരുവിള പുള്ളിമാന്‍തടത്തില്‍ ആകണമെന്നുമായിരുന്നു എഴുതിവെച്ച കരാര്‍. എന്നാല്‍ എഴുതിവച്ച ഈ കരാര്‍ പാലിക്കേണ്ടതില്ല, എന്നാണ് ഇപ്പോള്‍ ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം.
കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയത്തില്‍ ഇല്ലാത്ത കരാറിന്റെ പേരിലാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത്. തന്മൂലം കോട്ടയം ജില്ലാ പഞ്ചായത്ത് അടക്കം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിലും കേരളമൊന്നാകെയും വന്‍ പരാജയമാണ് യു ഡി എഫ് നേരിട്ടത്.
ഏറ്റുമാനൂര്‍ നിയമസഭാ സീറ്റ് അടക്കം ജോസഫ് ഗ്രൂപ്പിന് കൊടുക്കേണ്ടതായി വന്നു. ഇതിനെല്ലാം കനത്ത വില നല്‍കേണ്ടി വന്നത് കോട്ടയത്തെ ശക്തികേന്ദ്രമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തര്‍ക്കായിരുന്നു.
ഏറ്റുമാനൂര്‍ സീറ്റ് മോഹിച്ചിരുന്ന ലതികാസുഭാഷ് അടക്കമുള്ളവര്‍, കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു പോകുന്ന സാഹചര്യം വരെയുണ്ടായി. ഈ രീതിയില്‍ ജോസഫ് ഗ്രൂപ്പിനെതിരെ അതിശക്തമായ വികാരം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉയരുന്നതിനിടെയാണ്, എഴുതപ്പെട്ട കരാര്‍ പോലും പാലിക്കുവാന്‍ തയ്യാറാകാതെ ജോസഫ് ഗ്രൂപ്പ്, യുഡിഎഫിനെ വെല്ലുവിളിക്കുന്നത്.
മാത്രമല്ല, കോട്ടയം ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ജോസഫ് ഗ്രൂപ്പിലെ അംഗങ്ങള്‍ എല്‍ഡിഎഫിനെ ആയിരുന്നു പിന്തുണച്ചിരുന്നത്. ഇതും യുഡിഎഫില്‍ വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിലടക്കം കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി – രമേശ് വിഭാഗങ്ങള്‍ ഒതുക്കപ്പെട്ടു എന്ന നിലയില്‍, ജോസഫ് ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് കൂടി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തര്‍ക്കെതിരെ ഇത്തരം നീക്കം നടക്കുന്നത് എന്നത് യുഡിഎഫില്‍, വന്‍ പൊട്ടിത്തെറിക്കാണ് വഴിയൊരുക്കുന്നത്.