കൊല്ലം : തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാദ്ധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തലസ്ഥാന ജില്ലയുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ 1500 ഓളം പ്രശ്ന സാദ്ധ്യതാ ബൂത്തുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷ മുന്നറിയിപ്പും ഇന്റലിജന്‍സ് കൈമാറിയത്. ചെറുതും വലുതുമായ കാരണങ്ങളാല്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളുമുണ്ടായ എല്ലാ സ്ഥലങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ അതീവ ജാഗ്രത വേണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
സംഘര്‍ഷങ്ങളില്‍ പോലീസ് നിഷ്പക്ഷത പുലര്‍ത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും വിധത്തിലുള്ള വീഴ്ചയുണ്ടായാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ അത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും. അതിലുപരി അത് വൈരം വര്‍ദ്ധിക്കാനും സംഘര്‍ഷം ആളിപ്പടരാനും കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ സി.പി.എമ്മും- ബി.ജെ.പിയും തമ്മിലുള്ള പോര് മുഖാമുഖമായതും ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും ഇരുകൂട്ടരും നടത്തുന്ന ശ്രമവും ഇരുകക്ഷികള്‍ക്കുമിടയില്‍ ശത്രുത വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.
ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് ശേഷം ജീവഹാനിക്കിടയാക്കുന്ന വിധത്തിലുള്ള രാഷ്ട്രീയ അക്രമങ്ങള്‍ തലസ്ഥാനത്തുണ്ടായില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അതിനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന സൂചനയുമുണ്ട്. കണക്ക് തീര്‍ക്കലും പകരം ചോദിക്കലും പോലുളള സംഭവങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഉണ്ടാകാനിടയുണ്ട്. വര്‍ക്കല ചെമ്മരുതിയില്‍ കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ- ആര്‍.എസ്.എസ് ഏറ്റുമുട്ടലുണ്ടായ സാഹചര്യവും സ്ഥലത്ത് ഇനിയും രാഷ്ട്രീയ സംഘര്‍ഷത്തിനുള്ള സാദ്ധ്യതയും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും തലവേദന സൃഷ്ടിച്ച റിബലുകള്‍, സ്വതന്ത്രന്‍മാര്‍ എന്നിവര്‍ക്ക് നേരെയും തെരഞ്ഞെടുപ്പിന് ശേഷം അതിക്രമങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇക്കാര്യങ്ങളില്‍ പോലീസിന്റെ ജാഗ്രതയുണ്ടാകണമെന്ന ഓര്‍മ്മപ്പെടുത്തലുമുണ്ട്.
ആലപ്പുഴ ജില്ലയിലെ കായംകുളം നഗരസഭയുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം ജില്ലയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കും പകപോക്കലുകള്‍ക്കുമുള്ള സാദ്ധ്യതകളും മുന്നറിയിപ്പിലുണ്ട്.