മലപ്പുറം: മലപ്പുറത്ത് അടുത്ത മാസം ഡെങ്കിപ്പനിക്കേസുകള്‍ രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്. ഇടവിട്ട് മഴയും വെയിലും കൊതുകു പെരുകുന്നതിനു കാരണമാകുന്നു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മലയോര മേഖലകള്‍ക്ക് പുറമെ മുനിസിപ്പാലിറ്റി പരിധികളിലും ഡെങ്കി സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ഇതേ വരെ ജില്ലയില്‍ 241 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. 663 പേര്‍ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇന്നലെ 11 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ കരുവാരക്കുണ്ട് കാളികാവ്, ചോക്കാട് തുടങ്ങിയ മലയോര മേഖലയിലായിരുന്നു ഡെങ്കി പടര്‍ന്നതെങ്കില്‍ മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിലും കഴിഞ്ഞ ദിവസങ്ങളില്‍ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഴ ഇടവിട്ട് പെയ്യുന്നത് കൊതുകു വളരുന്നതിനു ഇടയാക്കുകയാണ്. ഈ നിലയില്‍ തുടര്‍ന്നാല്‍ അടുത്ത മാസം കൂടുതല്‍ കേസുകള്‍ വരുമെന്ന് ഉറപ്പാണ്. 2017 ന് സമാനമായി പലയിടത്തും ഡെങ്കിപ്പനി പൊട്ടിപ്പുറപെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
അതേസമയം സംസ്ഥാനത്ത് പനിക്കൊപ്പം ഗുരുതര വയറിളക്ക രോഗങ്ങളും പടരുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഈ മാസം അമ്പതിനായിരത്തിലേറെപേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത്. ഒരാഴ്ചക്കിടെ പതിനയ്യായിരത്തിലേറെ പേര്‍ ചികില്‍സ തേടി. മലിനമായ ഭക്ഷണവും വെളളവും ആരോഗ്യകേരളത്തെ രോഗക്കിടക്കയിലാക്കുന്നവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ പറയുന്നത്. ഈ മാസം 21 ന് 2519 പേരാണ് ഛര്‍ദി – അതിസാര രോഗങ്ങള്‍ ബാധിച്ച് ചികില്‍സയ്‌ക്കെത്തിയത്.