തിരുവനന്തപുരം: മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ആരോഗ്യ- വിദ്യാഭ്യാസ മേഖല നേരിടുന്ന പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തത, വന്യജീവി സംഘര്‍ഷങ്ങള്‍ തുടങ്ങി നിരവധിയായ പ്രതിസന്ധികളാണ് മലപ്പുറം ജില്ല ഇന്ന് അനുഭവിക്കുന്നത്. മലപ്പുറത്തിനോടുള്ള അവഗണയില്‍ ഒന്‍പതു വര്‍ഷം എംഎല്‍എ ആയിരുന്ന പി വി അന്‍വറും കുറ്റക്കാരനാണ്. അന്‍വര്‍ ഇപ്പോള്‍ കാണിക്കുന്ന മുതലക്കണ്ണീര്‍ കാപട്യത്തിന്റേതും വഞ്ചനയുടേതുമാണ്. ശക്തമായ തീരുമാനമെടുപ്പിക്കാന്‍ സ്വാധീനവും അധികാരവുമുണ്ടായിരുന്നപ്പോള്‍ അതിന് ശ്രമിക്കാന്‍ അന്‍വര്‍ തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പ് വേളയില്‍ ഉന്നയിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.
ജില്ലയുടെ വികന മുരടിപ്പിനും പിന്നോക്കാവസ്ഥയ്ക്കും കോണ്‍ഗ്രസും മുസ് ലിം ലീഗും ഉള്‍പ്പെടുന്ന യുഡിഎഫിന് വ്യക്തമായ പങ്കുണ്ട്. ജില്ലാ രൂപീകരണം മുതല്‍ അവിടെ നിര്‍ണായകമായ ചുമതലകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ക്ക് അവിടുത്തെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലായിരുന്നു എന്നത് തെളിയിക്കുന്നതാണ് ജില്ല നേരിടുന്ന പ്രതിസന്ധികള്‍. ഇടതു മുന്നണി സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്ത എം സ്വരാജ് സ്വന്തം ജില്ലയുടെ വിഷയങ്ങളില്‍ നാളിതുവരെ സ്വീകരിച്ച നിഷേധാല്‍മക നിലപാടിനെതിരെ വോട്ടര്‍മാര്‍ വിധിയെഴുതും.
മധ്യകേരളത്തിലെ മൂന്നു ജില്ലകളിലുള്ളതിനേക്കാള്‍ ജനസംഖ്യ മലപ്പുറം ജില്ലയില്‍ മാത്രമുണ്ട്. മതിയായ ചികില്‍സാ സൗകര്യം ഒരുക്കുന്നതില്‍ പോലും നാളിതുവരെ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചിരുന്നവര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. ഇന്നും സുപ്രധാനമായ ചികില്‍സയിലൂടെ ജീവന്‍ രക്ഷിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെയോ ഇതര ജില്ലകളിലെ സൂപര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെയോ സമീപിക്കണം. ഉപരിപഠനത്തിനാവശ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ വിരളമാണ്. എസ്എസ്എല്‍സി പാസാകുന്ന കുട്ടികള്‍ക്ക് മതിയായ പ്ലസ് ടു സീറ്റുകള്‍ പോലും ജില്ലയില്‍ ഇല്ല. ആവശ്യമായ യാത്രാ സൗകര്യങ്ങള്‍ ജില്ലയിലില്ല.
ജില്ലയുടെ സമഗ്ര വികസനത്തിനും ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും ജില്ലാ വിഭജനം കൂടിയേ തീരൂ. ഈ വിഷയത്തില്‍ ഇടത്-വലത് മുന്നണികള്‍ എന്തു നിലപാട് സ്വീകരിക്കുന്നു എന്നറിയാന്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് താല്‍പ്പര്യമുണ്ടെന്നും സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, റോയ് അറയ്ക്കല്‍, പി പി റഫീഖ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, സെക്രട്ടറിയേറ്റംഗങ്ങളായ അജ്മല്‍ ഇസ്മാഈല്‍, വി ടി ഇഖ്‌റാമുല്‍ ഹഖ്, അഡ്വ. എ കെ സലാഹുദ്ദീന്‍ സംസാരിച്ചു.