മലപ്പുറം : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കുന്നതിനുള്ള ഓപറേഷൻ പി–ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധന. വിവിധ സ്റ്റേഷൻ പരിധികളിൽ നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തു. വഴിക്കടവ് സ്റ്റേഷനിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം സ്റ്റേഷനിൽ ഒരാൾക്കെതിരെ കേസെടുത്തു. വഴിക്കടവ് വെള്ളക്കട്ട സ്വദേശി ചീനിക്കൽ അബ്ദുൽ വദൂദിനെയാണ് (31) വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ മൊബൈൽഫോൺ വഴി അശ്ലീല വെബ്സൈറ്റിൽ ദൃശ്യങ്ങൾ പതിവായി കണ്ടതായും ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഇത്തരം ദൃശ്യങ്ങൾ പതിവായി കാണുന്നവരെയും ഡൗൺലോഡ് ചെയ്യുന്നവരെയും സൈബർ സെൽ വഴി നിരീക്ഷിച്ചശേഷമാണ് പരിശോധന നടത്തിയത്. ഡൗൺലോഡ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി സൈബർ സെൽ ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. പിടിച്ചെടുത്ത മൊബൈൽഫോൺ കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിഭാഗത്തിനു കൈമാറി. മേൽമുറി സ്വദേശിയായ യുവാവിനെതിരെയാണ് മലപ്പുറം പോലീസ് കേസെടുത്തത്. ഇയാൾ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തി. നിരോധിത സൈറ്റുകളിൽനിന്ന് കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ പോക്സോ കേസ് കൂടി ചാർജ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.