മലപ്പുറം : മലപ്പുറം ജില്ലയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് എംഎൽഎ കെ ടി ജലീൽ. സമുദായത്തിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അതത് സമുദായങ്ങളിലെ ആളുകൾ തന്നെ അത് എതിർത്ത് രംഗത്ത് എത്താറുണ്ട്. ചരിത്രം പരിശോധിച്ചാലും അത് മനസ്സിലാകും. അത്തരത്തിൽ മുസ്‌ലിം സമുദായത്തിൽ നടക്കുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. മലപ്പുറത്തിന്റെ അകവും പുറവും എന്ന സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിലും ജില്ലയിലും തെറ്റുകൾ നടക്കുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയണമെന്നും അത് തിരുത്തുണമെന്നാണ് താൻ ഉദ്ധേശിച്ചതെന്നും കെ ടി ജലീൽ വ്യക്തമാക്കി.
മുസ്‌ലിംലീഗ് ഇപ്പോൾ പിന്തുടരുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദങ്ങൾ പഴയ നിലപാടിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കെ ടി ജലീൽ പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമായ കരിപ്പൂർ വഴി സ്വർണം കടത്തിയതിന് പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാണെന്ന കെ ടി ജലീലിന്റെ പ്രസ്താവന നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയതിന് പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലീം സമുദായാംഗങ്ങളാണ്. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ മുസ്‌ലിം സമുദായത്തിൽ എന്ത് പരിഷ്‌കാരവും പുരോഗതിയുമാണ് മലപ്പുറത്തെ പ്രേമികൾ പ്രതീക്ഷിക്കുന്നത്?
സ്വർണ്ണക്കടത്തിലും ഹവാലയിലും ഏർപ്പെടുന്ന നല്ലൊരു ശതമാനം മുസ്ലീങ്ങളും അത്തരം പ്രവർത്തനങ്ങൾ വിശ്വാസത്തിന് വിരുദ്ധമല്ലെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. ഏതെങ്കിലും മതവിഭാഗത്തിൽപ്പെട്ടവർ തെറ്റ് ചെയ്താൽ ആ സമുദായം ശക്തമായി എതിർക്കണമെന്നും ജലീൽ കുറിച്ചിരുന്നു. അത്തരം വ്യക്തികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ മത അധികാരികളോട് ആവശ്യപ്പെടുമ്പോൾ അതിനെ എങ്ങനെ ‘ഇസ്ലാമോഫോബിക്’ എന്ന് വിളിക്കുമെന്നും അന്ന് കെ ടി ജലീൽ കുറിച്ചിരുന്നു.