ആലപ്പുഴ: മലയാളത്തോടുള്ള വിദേശമലയാളികളുടെ പ്രിയത്തിനു തെളിവായി മലയാളം മിഷൻ പ്രവർത്തനം അറുപതു രാജ്യങ്ങളിൽ. 70,000 പേരാണ് വിവിധ കോഴ്സുകളിലായി മലയാളം പഠിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള 110 കേന്ദ്രങ്ങളിലൂടെയാണ് പഠനസൗകര്യമൊരുക്കിയിരിക്കുന്നത്. ഓൺലൈനായി മലയാളം പഠിപ്പിക്കുന്നതിന് 4,000 അധ്യാപകരാണുള്ളത്. പ്രതിഫലമില്ലാതെയുള്ള ഇവരുടെ സേവനം മാതൃകാപരമാണെന്ന് മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കട പറഞ്ഞു. മറുനാടൻ മലയാളികളെ മാതൃഭാഷയിൽ പ്രാവീണ്യമുണ്ടാക്കാൻ സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് മലയാളം മിഷൻ. സൗജന്യമായാണ് പഠനം.
ഒരിന്ത്യൻ ഭാഷയുടെ വളർച്ചയ്ക്കായി ഇത്രയധികം കേന്ദ്രങ്ങളൊരുക്കിയത് ആദ്യമാണെന്നാണ് അധികൃതർ പറയുന്നത്. നാലു കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. ആറുവയസ്സു കഴിഞ്ഞവർക്കായി ‘കണിക്കൊന്ന’ സർട്ടിഫിക്കറ്റ് കോഴ്സ് (രണ്ടുവർഷം), തുടർന്ന് ‘സൂര്യകാന്തി’ ഡിപ്ലോമ (രണ്ടുവർഷം), ‘ആമ്പൽ’ ഹയർ ഡിപ്ലോമ (മൂന്നുവർഷം), ‘നീലക്കുറിഞ്ഞി’ സീനിയർ ഹയർ ഡിപ്ലോമ (മൂന്നുവർഷം) എന്നിവയാണു കോഴ്സുകൾ. ഇവ പാസാകുന്നതോടെ കേരളത്തിലെ പത്താംക്ലാസിനു തുല്യമായ നിലവാരത്തിൽ മലയാളത്തിൽ അവബോധമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ 150 പ്രവാസി വിദ്യാർത്ഥികൾ പത്താംതരം തുല്യതാ പരീക്ഷയെഴുതി. ഇതിൽ 120 പേരും വിജയിച്ചതായി മുരുകൻ കാട്ടാക്കട പറഞ്ഞു. ഇവർക്ക് കേരളത്തിലെത്തി പിഎസ്‌സി പരീക്ഷയെഴുതാൻ കഴിയും. ‘സുഗതാഞ്ജലി’ എന്ന കാവ്യാലാപന മത്സരത്തിലും മികച്ച പങ്കാളിത്തമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബെൽജിയം, ബോട്സ്വാന, ബ്രൂണൈ, കാനഡ, ജപ്പാൻ, കെനിയ തുടങ്ങി അറുപതു വിദേശരാജ്യങ്ങളിലെ കുട്ടികളാണ് പദ്ധതിയുടെ ഭാഗമായി പഠിക്കുന്നത്.