മലയാലപ്പുഴ: മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് (MCF) നിര്‍മ്മാണം ജനവാസമേഖലയിലാണെന്നാരോപിച്ച് പ്രതിഷേധവുമായി ജനകീയ സമര സമിതി. മലയാലപ്പുഴ പഞ്ചായത്ത് 2018-19 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബഡ്‌സ് സ്കൂൾ നിർമ്മാണത്തിനായി 14- ആം വാർഡ് കോഴിക്കുന്നത്ത് 8 ആർ 9 സ്ക്വയര്‍ മീറ്റര്‍ സ്ഥലം 1140000/- രൂപക്ക് വിലക്ക് വാങ്ങിയിരുന്നു. ബഡ്‌സ് സ്കൂളിന്റെ നിർമ്മാണത്തിനായി വാങ്ങിയ സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ സംശയം തോന്നിയ സമീപവാസികള്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് ഇവിടെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് (MCF) ആണ് നിര്‍മ്മിക്കുന്നതെന്ന് അറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. പ്ലാന്റ് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന സ്ഥലത്തിന്റെ ഒന്നര മീറ്റർ ചുറ്റളവില്‍ വീടുകളും കോളനികളുമുണ്ട്. കാൻസർ രോഗികളും നിരവധി കിടപ്പുരോഗികളും കൊച്ചുകുട്ടികളും ഇവിടെ താമസിക്കുന്നു. ഇവിടെയുള്ളവര്‍ നിത്യവൃത്തിക്കുവേണ്ടി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരാണ്.
പണികൾ ആരംഭിച്ചപ്പോൾത്തന്നെ പ്രദേശവാസികൾ ജോളി കാലായില്‍ കണ്‍വീനര്‍, വാര്‍ഡ് അംഗം അഡ്വ.ആശാകുമാരി ചെയര്‍മാന്‍ എന്നിവരെ മുന്നില്‍നിര്‍ത്തിക്കൊണ്ട് ജനകീയ സമിതി രൂപീകരിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. നവംബര്‍ 25 ന് ചെറാടി സംസ്കാരിക നിലയത്തിൽ വെച്ച് ചർച്ചക്കായി ജനകീയ സമിതിയിലെ അംഗങ്ങൾക്ക് നോട്ടീസ് മുഖേന ക്ഷണം ലഭിച്ചതനുസരിച്ച് മുപ്പതോളം ആളുകള്‍ പങ്കെടുത്തു. പ്രസ്തുത സ്ഥലത്ത് MCF നിർമ്മാണം നടത്തുകയില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ ശുചിത്വ മിഷൻ അംഗങ്ങളും ജനകീയ സമിതിക്ക് ഉറപ്പുനൽകിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
എന്നാൽ ഇന്ന് (2025 ഏപ്രില്‍ 7) ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്യുകയും പോലീസ് സംരക്ഷണത്തോടെ പണികള്‍ ആരംഭിക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണസമിതിയിലെ അംഗങ്ങളും അവരോടൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരും ജനകീയ സമിതിയിലെ അംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നും സമീപവാസികള്‍ ആരോപിക്കുന്നു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ജനവിരുദ്ധ നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടുപോകുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു.