പത്തനംതിട്ട : മലയാലപ്പുഴ ക്ഷേത്രഉത്സവത്തിനും പൊങ്കാലയ്ക്കും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് അറിയിച്ചത്. പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍. പൊങ്കാല ദിവസം കൂടുതല്‍ വനിതാ പോലീസിനെ മഫ്തിയില്‍ നിയോഗിക്കും. ട്രാഫിക് ക്രമീകരിക്കും. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളുമായി ചേര്‍ന്ന് വാഹന പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. ക്ഷേത്രപരിസരത്ത് അഗ്നിശമന സേനയുടെ വാഹനം ഉള്‍പ്പടെയാകും സാന്നിധ്യം. ആരോഗ്യവകുപ്പിന്റെ സംഘവും സ്ഥലത്തുണ്ടാകും; മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. ഉത്സവദിവസങ്ങളില്‍ തടസം കൂടാതെയുള്ള വൈദ്യുതി വിതരണത്തിന് കെഎസ്ഇബി യെ ചുമതലപ്പെടുത്തി. മലയാലപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബയോടോയ്‌ലറ്റ് ക്രമീകരിക്കും.
മാലിന്യ സംസ്‌കരണത്തിനും സംവിധാനമുണ്ടാകും. വ്യാജമദ്യ വില്‍പന, നിരോധിത ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിനുള്ള നടപടികള്‍ എക്‌സൈസ് സ്വീകരിക്കും. എഴുന്നള്ളത്തിനുള്ള ആനകളുടെ ഫിറ്റ്‌നസും ഇന്‍ഷുറന്‍സും വനംവകുപ്പ് ഉറപ്പാക്കും. ആനകളുടെ ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിക്കും. തടസം കൂടാതെയുള്ള ജലവിതരണം ജല അതോറിറ്റി ഉറപ്പാക്കും. ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കോന്നി തഹസില്‍ദാറിനെ ചുമതലപ്പെടുത്തി. അടൂര്‍ ആര്‍ഡിഒ ബി. രാധാകൃഷ്ണന്‍, ഡി എം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ക്ഷേത്ര ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.