തിരുവനന്തപുരം: വിനോദയാത്ര പോയ മലയാളി വിദ്യാർഥികൾ മണാലിയിൽ കുടുങ്ങി.തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങി( സിഇടി)ലെ വിദ്യാർഥികളാണ് മണാലിയിൽ കുടുങ്ങിയത്. സിഇടിയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. 200 അംഗ സംഘമാണ് മണാലിയിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി 11:30യോടെ വിദ്യാർഥികൾ യാത്രകഴിഞ്ഞ് മടങ്ങി വരുമ്പോൾ മണാലി ഡോഗ്ലുനാല (റൈസൺ) ടോൾ പാസിന് സമീപത്ത് കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് മണാലി ലേ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് മണിക്കൂറുകളോളം യാത്രക്കാർ ഹൈവേയിൽ കുടുങ്ങി.
ശനിയാഴ്ച രാവിലെയോടെ വിദ്യാർഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. രണ്ടുദിവസമായി പെയ്ത കനത്ത മഴയിൽ ഹൈവേയിൽ മണ്ണും ചെളിയും നിറഞ്ഞു. ഇത് മാറ്റിയതിന് ശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കാനാകു. റോഡ് വൃത്തിയാക്കുന്നതിനും വാഹനങ്ങളുടെ മുഴുവൻ സഞ്ചാരവും അനുവദിക്കുന്നതിനും ബോർഡർ റോഡ്സ് ഓർഗനൈസേഷൻ തൊഴിലാളികളെയും യന്ത്രങ്ങളെയും നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.