കണ്ണൂർ : ഗോവ അന്തർദേശീയ വിമാനത്താവളത്തിലെ എൻജിനിയർമാർ അടക്കമുള്ള 50-ലധികം മലയാളികളാണ് വാസ്‌കോയിൽ (ദാബോളിൻ) ദുരിതത്തിലായത്. ഇവിടെനിന്ന് നാട്ടിലെത്തിയില്ലെങ്കിൽ പട്ടിണികിടന്ന് മരിക്കുമെന്ന് എയർ ഇന്ത്യയിലെ സർവീസ് എൻജിനിയറും കാഞ്ഞങ്ങാട് സ്വദേശിയുമായ പി.വി. അരുൺരാജ് പറഞ്ഞു.
ജോലിചെയ്യുന്ന വനിതകളും ഹോസ്റ്റലിൽ കുടുങ്ങിയിട്ടുണ്ട്. 24-ന് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. 31-വരെ ആണെന്നാണ് ആദ്യമറിയിച്ചത്. പിന്നീടത് ഏപ്രിൽവരെ നീട്ടിയപ്പോൾ നാട്ടിലെത്താൻ ഒരു മാർഗവും ഇല്ലാതായതായി കണ്ണൂർ കക്കാട് സ്വദേശി സാരംഗ്, എറണാകുളത്തെ വിപിൻ, തൃശ്ശൂരിലെ എൻ.ടി. ജോസ് എന്നിവർ പറഞ്ഞു. ഇതിനിടെ നാലുപേർ ഗോവയിൽനിന്ന് ബൈക്കിൽ നാട്ടിലേക്ക് തിരിച്ചു.
എന്നാൽ കർണാടക അതിർത്തിയിൽ ഇവരെ തടഞ്ഞു. മടങ്ങി താമസസ്ഥലത്തേക്കു തന്നെ എത്തി. ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ തുടങ്ങിയ കമ്പനികളിലെ മലയാളികളും കുടുങ്ങിയിട്ടുണ്ട്. ഗ്ലോബൽ ഗ്രൗണ്ട് കമ്പനിയിലെ അപ്രന്റീസിനു വന്നവരും പോകാനാകാതെ ഇവിടെയുണ്ടെന്ന് ഇവർ പറഞ്ഞു.