മലയാറ്റൂർ : മലയാറ്റൂർ എറണാകുളം മലയാറ്റൂർ ഇല്ലിത്തോട്ടിലെ പാറമട സ്‌ഫോടന കേസിലെ ക്വാറി ഉടമ മലയാറ്റൂർ നിലീശ്വരം സ്വദേശി ബെന്നി പൂത്തൻ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടയിൽ ആണിയാൾ പിടിയിലായത്. ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ബെന്നിയെ പോലീസ് പിടികൂടിയത്. കാലടി സിഐയാണ് കേസ് അന്വേഷണം നടത്തുന്നത്. ഓഫീസുകളിലും ബന്ധുവീടുകളിലും അന്വേഷിച്ചിട്ടും ബെന്നിയെ കണ്ടുപിടിക്കാനായിരുന്നില്ല.
പാറമടയിൽ സ്‌ഫോടനമുണ്ടായി രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മാനേജരും ജീവനക്കാരനും അറസ്റ്റിലായിരുന്നു. പാറമട മാനേജർ രഞ്ജിത്ത്, സ്‌ഫോടക വസ്തുക്കൾ കൊണ്ടുപോകുന്ന അജേഷ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയാണ് മലയാറ്റൂർ ഇല്ലിത്തോട്ടിലെ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ സ്‌ഫോടനം നടന്നത്. ഈ കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ സ്‌ഫോടനത്തിൽ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണൻ ലക്ഷ്മണൻ, കർണാടക ചാമരാജ് നഗർ സ്വദേശി ഡി. നാഗ എന്നിവരാണ് മരിച്ചത്. പാറമടയിൽ ഉപയോഗിക്കാനായി കെട്ടിടത്തിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നു. വിജയ ക്വാറി വർക്ക്‌സ് എന്ന സ്ഥാപനമാണ് ക്വാറിയുടെ നടത്തിപ്പ്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നിരുന്നു.