മലയാറ്റൂർ : മലയാറ്റൂർ പാറമട സ്‌ഫോടനത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ. പാറമടയിൽ വെടിക്കോപ്പുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം ഒളിവിലുള്ള പാറമട ഉടമകൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇരുവരും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെയാണ് മലയാറ്റൂർ ഇല്ലിത്തോട്ടിൽ പാറമടക്കടുത്തുള്ള കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചത്. സംഭവത്തിന് ശേഷം പാറമട ഉടമകളായ ബെന്നിയും റോബിനും ഒളിവിൽ പോയിരുന്നു. ഉടമകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പാറമടയുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.