മാലെ: രാജ്യത്തെ ഇന്ത്യൻ സൈനികരെ മാർച്ച് 15നകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കടലിൽ പട്രോളിംഗ് നടത്താൻ തുർക്കിയെയുമായി 3.7 കോടി ഡോളറിന്റെ കരാർ ഒപ്പിട്ട് മാലദ്വീപ്. സമുദ്ര നിരീക്ഷണത്തിനുള്ള സൈനിക ഡ്രോണുകൾക്കായാണ് കരാർ. നേരത്തെ ഇന്ത്യൻ സൈന്യത്തിന്റെ സഹകരണത്തോടെയാണ് മാലദ്വീപ് പ്രതിരോധ സേന സമുദ്ര നിരീക്ഷണം നടത്തിയിരുന്നത്. 70 ഇന്ത്യൻ സൈനികരും ഒരു ഡോർണിയർ പട്രോളിംഗ് വിമാനവും രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളുമാണ് മാലദ്വീപിലുള്ളത്.
അതേസമയം, മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറും തമ്മിൽ ചർച്ച നടത്തി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ചേരിചേര പ്രസ്ഥാന ഉച്ചകോടിക്ക് അനുബന്ധമായിരുന്നു കൂടിക്കാഴ്ച.