മല്ലപ്പള്ളി: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ മല്ലപ്പള്ളിയിലെ ഓഫീസുകള്‍ക്കായി സബ്സ്റ്റേഷന്‍ വളപ്പില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു. നിലവില്‍ കോട്ടയം റോഡില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകളാണ് പൂവനക്കടവ്- ചെറുകോല്‍പ്പുഴ റോഡരികിലെ സ്വന്തം സ്ഥലത്തേക്ക് മാറുന്നത്. ഇപ്പോള്‍ പ്രതിമാസം 20,000 രൂപ വാടക നല്‍കിയാണ് കഴിയുന്നത്.
കെട്ടിടം നിര്‍മ്മിക്കാന്‍ 88,40,077 രൂപയാണ് അനുവദിച്ചിരുന്നത്. 238 ചതുരശ്രമീറ്റര്‍ വിസ്താരമുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സെക്ഷനും മുകളില്‍ സബ്ഡിവിഷനും പ്രവര്‍ത്തിക്കും. അസിസ്റ്റന്റ് എന്‍ജിനീയറുടെ മുറിക്ക് പുറമെ കാര്‍പോര്‍ച്ച്, റിസപ്ഷന്‍,ക്യാഷ് കൗണ്ടര്‍, സ്റ്റോര്‍ തുടങ്ങിയവയാണ് താഴെയുണ്ടാവുക. മുകളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, സബ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കും റെക്കോഡ്, റസ്റ്റ്, റവന്യു, ബില്‍ എന്നിവയ്ക്കും മുറികളുണ്ടാകും. വൈദ്യുതി ചാര്‍ജ് അടക്കാന്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം കൂടി ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.
മല്ലപ്പള്ളി കോഴഞ്ചേരി റോഡില്‍ തിരുമാലിട പള്ളിവേട്ടയാല്‍ കവലയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ജി.എം.എം. ആശുപത്രി എത്തുന്നതിന് മുന്‍പായാണ് പുതിയ ഓഫീസ്. സബ്സ്റ്റേഷന്റെ വശത്തെ വഴിയിലൂടെയും എത്താം. ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി ജൂണ്‍ 26-ന് നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം മെയ് 22-ന് മന്ത്രി തന്നെയാണ് ഇതിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയിരുന്നത്.