മല്ലപ്പള്ളി: ശ്രീഭൂതനാഥ വിലാസം ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 1 മുതൽ 8 വരെ പമ്പഴ മണപ്പുറത്ത് 88-ാമത് ഹിന്ദു ധർമ്മ സമ്മേളനം നടക്കും. വിവിധ ദിനങ്ങളിലായി പ്രമുഖ സന്യാസിവര്യൻമാരും പണ്ഡിത ശ്രേഷ്ഠരും സമ്മേളനത്തിൽ പങ്കെടുക്കും. ഫെബ്രുവരി ഒന്നിന് രാവിലെ ഗണപതി ഹോമം, വൈകുന്നേരം ധ്വജാരോഹണം, തുടർന്ന് സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാരംഭസഭ സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ സ്വാമി ഭൂമാനന്ദതീർത്ഥ പാദർ അനുഗ്രഹപ്രഭാഷണം നടത്തും.
ഫെബ്രുവരി 2 തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിക്ക് സി വി ജയന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രാജേഷ് നാദാപുരം വർത്തമാനകാലത്ത് ഭഗവത്ഗീതയുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ഫെബ്രുവരി 3 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് വേണു ആർ ന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ സ്വാമിജി ചിദാനന്ദപുരി മഹാരാജ് ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ഫെബ്രുവരി 4 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് എൻ പത്മകുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ആർഎസ്എസ് ദക്ഷിണ കേരള കാര്യകാരി സദസ്യൻ കാ.ഭാ സുരേന്ദ്രൻ സനാതന ധർമ്മത്തിന്റെ ആഗോള പ്രസക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തും.
ഫെബ്രുവരി 5 വ്യാഴാഴ്ച പി സുനിലിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എസ് ജയസൂര്യൻ സനാതന ധർമ്മവും സമകാലിക സാഹചര്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഫെബ്രുവരി 6 വെള്ളിയാഴ്ച പ്രാദേശിക ജനവിഭാഗങ്ങളുടെ കലാപരിപാടികൾ എസ്എൻഡിപി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എസ് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 7 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഡോ.പ്രസന്ന രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടുന്ന വനിതാ സമ്മേളനം ആർഷവിദ്യാ സമാജത്തിലെ അധ്യാപിക ശ്രുതി ഭാരതീയ സ്ത്രീ സങ്കല്പം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 9 മണിക്ക് ബാലസമ്മേളനവും 12 മണിക്ക് അരുൺ മോഹന്റെ പ്രഭാഷണവും ഒരു മണിക്ക് സമൂഹ സദ്യയും ഉണ്ടായിരിക്കും വൈകുന്നേരം 7 മണിക്ക് സ്വാമി ബോധേന്ദ്ര തീർത്ഥയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗം കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ന്യൂനപക്ഷ കാര്യക്ഷേമ വകുപ്പ് മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും തുടർന്ന് സ്വാമി സത്സ്വരൂപാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും സമ്മേളനത്തിനുശേഷം അന്ന പ്രസാദവും ഉണ്ടായിരിക്കുമെന്ന് രക്ഷാധികാരി ബാബു കൃഷ്ണകല, പ്രസിഡന്റ് വേണുഗോപാൽ എസ് ബി, വൈസ് പ്രസിഡന്റ് പി.കെ വാസുദേവശർമ്മ, കമ്മറ്റി അംഗങ്ങളായ പി സന്തോഷ്, പ്രദീപ്കുമാർ ടി .കെ എന്നിവര്‍ അറിയിച്ചു.































