മല്ലപ്പള്ളി : പുല്ലാട് റോഡ് നവീകരണം പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ് താലൂക്ക് നിവാസികൾ. പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ നവീകരണ പ്രവൃത്തികൾ നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതിനിടയിൽ ചാലുങ്കൽ, കീഴ്‌വായ്പൂര്, വെണ്ണിക്കുളം എന്നിവിടങ്ങളിൽ ഓടയുടെ നിർമാണം നടത്തിയെങ്കിലും മറ്റിടങ്ങളിൽ ഒരിടത്തും പ്രവൃത്തികൾ ചെയ്തിട്ടില്ല.
12 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ വശങ്ങളിൽ കാട് നിറഞ്ഞു. ടാറിങ്ങിലേക്കു തള്ളിനിൽക്കുന്ന വൈദ്യുത തൂണുകൾ ഉടൻ നീക്കം ചെയ്യുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചുവെങ്കിലും നടപടിയില്ല. സ്ഥാനപാതയുടെ ഭാഗമായ മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴി വരെയുള്ള ഭാഗങ്ങൾ ഉന്നത നിലവാരത്തിൽ നിർമാണം നടത്തിയിട്ട് വർഷങ്ങൾ പിന്നിട്ടു.
മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ എഴുമറ്റൂർ, ചാലാപ്പള്ളി, ചെറുകോൽപ്പുഴ വഴി കോഴഞ്ചേരി റോഡ് കേന്ദ്ര റോഡ് വികസന പദ്ധതിയിൽപെടുത്തി ഉന്നത നിലവാരമുള്ളതാക്കിയിട്ടും നാളുകളായി. ഇരവിപേരൂർ–വെണ്ണിക്കുളം–തടിയൂർ–റാന്നി റോഡും മെച്ചപ്പെട്ട നിലയിലായി. പുല്ലാട് റോഡ് നവീകരണം എന്നു പൂർത്തിയാകും എന്ന് അധികൃതരോട് ചോദിച്ചാൽ അവർ കൈമലർത്തുകയാണ് ചെയ്യുന്നത് എന്നാണ് പ്രദേശവാസികളുടെ ആരോപണം