മല്ലപ്പള്ളി : കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയിൽ മണിമലയാറിന് കുറുകെയുള്ള മല്ലപ്പള്ളി വലിയ പാലത്തിൽ കാടു കയറി. പാലത്തിന്റെ ഇരുവശങ്ങളിലും പ്രവേശന കവാടത്തും കാടുയറിയ നിലയിലാണ്. അപകട ഭീഷണി സൃഷ്ടിക്കുന്നതിന് കാരണമാകുന്ന വിധത്തിൽ പാലത്തിൽ കാടും കുറ്റി മരങ്ങളും നിറഞ്ഞിട്ടും നീക്കം ചെയ്യാൻ നടപടിയില്ല. പ്രവേശ കവാടത്തിലും നടപ്പാലത്തിലും പുല്ലും വള്ളിയും പടർന്ന് പിടിച്ചിരിക്കുന്നത് കാൽ നടയാത്ര ദുസഹമാക്കുകയാണ്.
പാലത്തിന്റെ വീതി കുറവ് കാരണം പാലത്തിലൂടെ വലിയ വാഹനങ്ങൾ ഒരെണ്ണം മാത്രമാണ് കടന്നുപോകാൻ സാധിക്കുന്നത്. എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങൾ കടന്നു പോകുന്നതു വരെ കാത്തു കിടക്കണം. പാലത്തിലെ കാട് ചെറിയ വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നതിനും കാരണമാകുന്നു. അപകടാവസ്ഥയിലായ പാലത്തിലെ കാട് നീക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.